കിവീസിന്റെ ചിറക് കംഗാരുക്കള്‍ അരിഞ്ഞു; ട്വന്റി-20 ത്രിരാഷ്ട്ര പരമ്പര ഓസീസിന്

ഓക്‌ലൻഡ്: ത്രിരാഷ്‌ട്ര ട്വന്‍റി-20 കിരീടം ഓസ്ട്രേലിയ നേടി. ഫൈനലിൽ ന്യൂസിലൻഡിനെ ഡക്ക്‌വ ർത്ത്-ലൂയിസ് നിയമപ്രകാരം 19 റണ്‍സിന് തോൽപ്പിച്ചാണ് ഓസീസ് കിരീടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 150 റണ്‍സ് നേടി. ഓസീസ് കിരീടത്തിലേക്ക് അടുക്കുന്നതിനിടെ ഓക്‌ലൻഡിൽ മഴയെത്തി. തുടർന്ന് ഓസീസിനെ ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം 19 റണ്‍സ് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയില്‍ റോസ് ടെയ്‌ലര്‍ മാത്രമാണ് പിടിച്ചുനിന്നത്. 43 റണ്‍സ് നേടിയ ടെയ്‌ലറാണ് കിവീസ് നിരയില്‍ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ കോളിന്‍ മുണ്‍റോ 29 റണ്‍സും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 21 റണ്‍സും നേടി. 150 റണ്‍സിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട കിവീസിന്റെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് ആഷ്ടന്‍ ആഗറാണ്. റിച്ചാര്‍ഡ്‌സണ്‍, ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി ഓസീസിന്റെ വിജയലക്ഷ്യം 150ല്‍ ഒതുക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനു വേണ്ടി ആര്‍സി ഷോര്‍ട്ട് 50 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ മാക്‌സ്വെല്‍ (20), ഫിന്‍ഞ്ച് (18) എന്നിവര്‍ പുറത്താകാതെ നിന്നു. മഴ എത്തുമ്പോഴേക്കും ഓസീസ് വിജയത്തിനരികില്‍ എത്തിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നേടിയ ആഷ്ടന്‍ ആഗറാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഓസീസ് താരം മാക്‌സ്‌വെല്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here