Advertisement

ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിച്ചത് അമ്പയറിങ് പിഴവിൽ; ഫൈനലിലെ തെറ്റ് ഏറ്റുപറഞ്ഞ് മറൈസ് എറാസ്മസ്

April 4, 2024
Google News 2 minutes Read
erasmus world cup error

2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ അമ്പയറിങ് പിഴവ് ഏറ്റുപറഞ്ഞ് മുൻ അമ്പയർ മറൈസ് എറാസ്മസ്. കളിയിലെ വളരെ നിർണായകമായ ഒരു പിഴവാണ് എറാസ്മസ് ഏറ്റുപറഞ്ഞത്. ഈ പിഴവ് കാരണമാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചതെന്നും ഐസിസിയുടെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ എറാസ്മസ് ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. (erasmus world cup error)

ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലായിരുന്നു 2019 ലോകകപ്പ് ഫൈനൽ. എറാസ്മസും കുമാർ ധർമസേനയുമായിരുന്നു മത്സരത്തിലെ അമ്പയർമാർ. മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ജയിക്കാൻ മൂന്ന് പന്തിൽ 9 റൺസ് എന്ന നിലയിൽ. ധർമസേന സ്ട്രൈക്കേഴ്സ് എൻഡിലും എറാസ്മസ് സ്ക്വയർ ലെഗിലും. ക്രീസിലുണ്ടായിരുന്ന ബെൻ സ്റ്റോക്സ് രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഫീൽഡർ എറിഞ്ഞ ഒരു ത്രോ താരത്തിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നു. ഇതോടെ ഓടിയെടുത്ത രണ്ട് റൺസും ഓവർത്രോയിലൂടെ ലഭിച്ച നാലും ചേർത്ത് ആറു റൺസ് അമ്പയർമാർ ഇംഗ്ലണ്ടിന് അനുവദിച്ചു. എറാസ്മസും ധർമസേനയും തമ്മിൽ കൂടിയാലോചിച്ചശേഷമായിരുന്നു ഇത്. തുടർന്ന് രണ്ട് പന്തിൽ രണ്ട് റൺസ് നേടിയ ഇംഗ്ലണ്ട് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും സൂപ്പർ ഓവർ സമനില ആയതോടെ ബൗണ്ടറി എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.

Read Also: സൂര്യകുമാർ യാദവ് ഏപ്രിൽ അഞ്ചിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്

ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ, ആറ് റൺസിനു പകരം അഞ്ച് റൺസാണ് നൽകേണ്ടിയിരുന്നത് എന്നായിരുന്നു എറാസ്മസിൻ്റെ വെളിപ്പെടുത്തൽ. കാരണം, ഫീൽഡർ പന്തെടുത്ത് എറിയുന്ന സമയത്ത് ബാറ്റർമാർ രണ്ടാം റണ്ണിനായി ക്രോസ് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം റൺ റൺ ആയി കണക്കാനാൻ പാടില്ലെന്നതായിരുന്നു നിയമം. ഇവിടെയാണ് അമ്പയർമാർക്ക് പിഴവ് പറ്റിയത്. ഈ റൺ നൽകിയില്ലായിരുന്നെങ്കിൽ ന്യൂസീലൻഡ് ഒരു റൺസിനു വിജയിക്കുമായിരുന്നു. ഫൈനലിൻ്റെ പിറ്റേന്ന് രാവിലെ ഹോട്ടൽ മുറിയ്ക്ക് പുറത്തുവച്ച് ധർമസേനയാണ് പിഴവ് പറ്റിയ വിവരം അറിയിച്ചതെന്ന് എറാസ്മസ് ടെലഗ്രാഫ് ക്രിക്കറ്റിനോട് വെളിപ്പെടുത്തി.

എറാസ്മസിൻ്റെ ഈ തുറന്നുപറച്ചിലിന് വളരെ മുൻപ്, ഐസിസിയുടെ ഏറ്റവും മികച്ച അമ്പയറായ സൈമൺ ടോഫൽ ഇതേ കാര്യം വെളിപ്പെടുത്തിയിരുന്നു. ആറല്ല, അഞ്ച് റൺസായിരുന്നു ഇംഗ്ലണ്ടിന് നൽകേണ്ടിയിരുന്നത് എന്ന ടോഫലിൻ്റെ വെളിപ്പെടുത്തൽ അന്ന് ഏറെ ചർച്ച ആയിരുന്നു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 241 ൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

Story Highlights: marais erasmus 2019 world cup umpiring error

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here