Advertisement

വിജയനെ നിങ്ങള്‍ മറന്നതാണോ? ; ഐഎസ്എല്‍ മാനേജുമെന്റിനെ കണക്കിന് വിമര്‍ശിച്ച് ഫുട്‌ബോള്‍ ആരാധകര്‍

February 27, 2018
Google News 1 minute Read
ISL Vijayan

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ദ്വേഷ്യത്തിലാണ്. ഐഎസ്എല്‍, കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റുകള്‍ക്കെതിരെ ഫുട്‌ബോള്‍ ആരാധകര്‍ വളരെ രൂക്ഷമായാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കാല്‍പന്തുകളിയെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവരാണ് ഇതിന്റെയെല്ലാം തലപ്പത്തിരിക്കുന്നതെന്നും പണം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പ്രതിഷേധ സൂചകമായി സോഷ്യല്‍ മീഡിയ വഴി ഇതിനെ സംബന്ധിച്ച് പല പോസ്റ്റുകളും ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.

ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം ഐ.എം. വിജയനാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രം ഏറെ ആഘോഷിക്കപ്പെട്ടത് ഐ.എം. വിജയനെന്ന ഇതിഹാസത്തിന്റെ കടന്നുവരവോട് കൂടിയാണ്. അദ്ദേഹത്തെ പോലൊരു താരത്തെ കഴിഞ്ഞ ഐഎസ്എല്‍ ഫൈനല്‍ മത്സരത്തില്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റ് നല്‍കി അവഹേളിച്ചതിനെതിരെയാണ് ഇത്തവണയും പ്രതിഷേധം. കാരണം, സിനിമ താരങ്ങളും മറ്റ് പണചാക്കുകളായ മുതലാളിമാരും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ വിഐപി ലോഞ്ചില്‍ ഇടംപിടിക്കുമ്പോള്‍ ഐ.എം. വിജയനെ പോലുള്ള ഇതിഹാസ താരങ്ങള്‍ നിഷ്‌കരുണം തഴയപ്പെടുന്നതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണം. ഒരു അഡാറ് ലവ് എന്ന മലയാള സിനിമയിലെ ‘മാണിക്യ മലരായ പൂവി’…എന്ന ഗാനത്തിലൂടെ വന്‍ സ്വീകാര്യത ലഭിച്ച പ്രിയ വാരിയര്‍, റോഷന്‍ എന്നീ പുതുമുഖ താരങ്ങള്‍ക്ക് കഴിഞ്ഞ ബ്ലാസ്റ്റേഴിസിന്റെ മത്സരത്തില്‍ വിഐപി ലോഞ്ചില്‍ സ്ഥാനം നല്‍കിയത് കണ്ടപ്പോഴാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങിയത്. ഫുട്‌ബോള്‍ വേദിയില്‍ ആദരിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവരാണ് ഇന്ന് ഐഎസ്എല്‍ വഴി ആദരിക്കപ്പെടുന്നതെന്നും ഐ.എം. വിജയനെ പോലുള്ള താരങ്ങളെ കുറിച്ച് യാതൊരു അറിവും വിവരവും ഇല്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആരോപിച്ച് മുഹമ്മദ് കാസിം എന്ന വ്യക്തി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ഒടുവില്‍ ഐ.എം. വിജയനും ഈ പോസ്റ്റ് സ്വന്തം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തു.

തൃശൂരിലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന വിജയനെന്ന സാധാരണക്കാരനായ പയ്യന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തേക്ക് എത്തിയ ചരിത്രമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഇതൊന്നും അറിയാത്തവരാണ് ഐഎസ്എല്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ വിജയനെ പോലൊരു താരത്തെ അവഹേളിക്കുന്നതെന്ന് പോസ്റ്റില്‍ തുടര്‍ന്ന് പറയുന്നു. ഐഎസ്എല്‍ മത്സരങ്ങള്‍ കാണാന്‍ സിനിമ താരങ്ങള്‍ക്കും മറ്റ് വ്യവസായികള്‍ക്കും വരെ വിഐപി ലോഞ്ചില്‍ സൗകര്യമൊരുക്കി കൊടുക്കുന്ന മാനേജ്‌മെന്റിനെ വിമര്‍ശിച്ചിട്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്. ഐ.എം. വിജയന്‍ കൂടി പോസ്റ്റ് ഷെയര്‍ ചെയ്തതോടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചാവിഷയമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here