Advertisement

അധികാരമൊഴിയുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി; അറിയണം മാണിക് സർക്കാർ എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച്

March 3, 2018
Google News 1 minute Read
this is indias poorest chief minister

കാൽനൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മണിക് സർക്കാർ അധികാരമൊഴിയുന്നു. ത്രിപുരയിൽ ബിജെപിയുടെ ശക്തമായ മുന്നേറ്റത്തിൽ സപിഎം തകർന്നടിയുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ് ഇതോടെ അധികാരമൊഴിയുന്നത്.

കോടികളുടെ അനധികൃത സ്വത്തുക്കൾ, കള്ളപ്പണം, വിദേശ രാജ്യങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത നിക്ഷേപങ്ങൾ, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്ത്രം, പുറംരാജ്യത്തുനിന്നും വരുത്തിക്കുന്ന ഭക്ഷണം, പ്രത്യേകം രൂപകൽപ്പന ചെയ്ത പാതുകങ്ങൾ…പൊതുപ്രവർത്തകരുടെ ഈ ‘ലക്ഷൂറിയസ്’ ജീവിതം ഇന്ന് നമുക്കൊരു വാർത്തയല്ല. കോടികളുടെ അനധികൃത സമ്പാദ്യത്തിന് മേലെ ഖദറിട്ട് മറച്ച് പാവപ്പെട്ടവരുടെ വിശപ്പിനെ കുറിച്ചും, സർക്കാർ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിയിൽ നടത്തുന്ന അഴിമതിയെ കുറിച്ചും ഖോര ഖോരം പ്രസംഗിച്ച് ഒടുവിൽ ആ അഴിമതിക്കറ പുരണ്ട പണവും വാങ്ങി സുഖസമ്പന്നമായ ലോകത്തേക്ക് മടങ്ങുന്ന രാഷ്ട്രീയക്കാർക്കിടയിലാണ് ത്രിപുര മുഖ്യമന്ത്രി വ്യത്യസ്തനാകുന്നത്.

തെരഞ്ഞെടുപ്പ് നാമനിർദ്ദേശക പത്രിക സമർപ്പിച്ചപ്പോൾ നേതാക്കളുടെ കോടിക്കണക്കിന് വരുന്ന സ്വത്ത് വിവരം കണ്ടുകണ്ണു തള്ളിയ ജനത്തിന് മുന്നിലേക്കാണ് വെറും 3,930 രൂപയുടെ ആസ്തിയും ഇതുവരെ ആധായനികുതി അടക്കേണ്ടി വന്നിട്ടില്ലെന്ന സത്യവാങ്മൂലവുമായി മാണിക് സർക്കാർ വരുന്നത്. 69 കാരനായ അദ്ദേഹത്തിന് 1,520 രൂപയാണ് കൈയ്യിലുള്ള ആകെ തുക. ബാക്കി 2,410 രൂപ നാഷ്ണലൈസ്ഡ് ബാങ്ക് അക്കൗണ്ടിലാണ് ഉള്ളത്. ഇതുകൂടാതെ വേറൊരു ബാങ്കിലും അദ്ദേഹത്തിന് നിക്ഷേപമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടേതായി 20,140 രൂപയാണ് കൈവശം ഉള്ളത്. ഇതിന് പുറമെ 1,24,101 രൂപയും, 86,473 രൂപയും രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ട്. സ്വർണമായി 20 ഗ്രാം മാത്രമാണ് സമ്പാദ്യമായി ഉള്ളത്. ഇതിന് പുറമെ 2 ലക്ഷം, 5 ലക്ഷം ഫിക്‌സഡ് ഡിപ്പോസിറ്റായും ഉണ്ട്. 2011-12 ലാണ് പാഞ്ചാലി ആദ്യമായും അവസാനമായും ആധായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത്.

manik sarkar

പാർട്ടി ഫണ്ടിലേക്ക് ജനങ്ങളിൽ നിന്നും പലവിധേന ‘പിരിച്ചെടുത്ത’ പണം മാത്രം കൊടുത്തുശീലിച്ച നേതാക്കൾക്ക് മാണിക് സർക്കാർ ഒരു അത്ഭുതമായി തോന്നാം…കാരണം അദ്ദേഹം തന്റെ മാസ ശമ്പളം മുഴുവനുമാണ് പാർട്ടി ഫണ്ടിലേക്ക് കൊടുക്കുന്നത്. അതിൽ നിന്നും 5000 രൂപ അലവൻസായി പാർട്ടി അദ്ദേഹത്തിന് തിരിച്ചുനൽകും. ഈ തുകകൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്.

1998 മാർച്ച് 11 മുതൽ ത്രിപുരയുടെ മുഖ്യമന്തിയാണ് അദ്ദേഹം. അന്ന് സംസ്ഥാനത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോൾ അതു വരെയുള്ളതിൽ വെച്ചേറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ചുവപ്പുടുത്ത ത്രിപുരയെ പിടിച്ചടക്കുമെന്ന ബിജെപിയുടെ വെല്ലുവിളി കടുത്ത സമ്മർദ്ദമാണ് ഇടതുപക്ഷത്തിന് നൽകിയത്. ജനങ്ങളിൽ ഭരണവിരുദ്ധവികാരം സൃഷ്ടിക്കുവാനായി ഭരണകർത്താക്കൾ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകുന്നില്ലെന്നതരത്തിലുള്ള നിരവധി പ്രസ്താവനകൾ ബിജെപി നടത്തിയിരുന്നു. പ്രധാനമന്ത്രി ജനങ്ങളുടെ ക്ഷേമത്തിനായി അവതരിപ്പിച്ച നിരവധി പദ്ധതികളിൽ നിന്നും ജനങ്ങളെ മനഃപൂർവ്വം പിന്തിരിപ്പിക്കുന്നത് വഴി അവർക്ക് ലഭിക്കേണ്ട സേവനങ്ങൾ അവർക്ക് ലഭ്യമാകാതെ പോവുന്നുവെന്ന ഗുരുഗതര ആരോപണങ്ങളുമായും ബിജെപി രംഗത്തെത്തിയിരുന്നു…എല്ലാം ത്രിപുര എന്ന ചെങ്കോട്ട കീഴടക്കാൻ.

CPM

ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാളിനുപുറമെ കമ്യൂണിസത്തിന്റെ കനൽ കെട്ടിട്ടില്ലാത്ത ഏക സംസ്ഥാനമാണ് ത്രിപുര. 1972 മുതൽ സിപിഎം സ്റ്റേറ്റ് കമ്മിറ്റിയിൽ അംഗമായ മാണിക് സർക്കാർ, പഠന കാലത്ത് മുതൽ തന്നെ വിവിധ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടുണ്ട്.

1967 ലെ ഫുഡ് മൂവ്‌മെന്റ് മുതൽ അഞ്ച് പതിറ്റാണ്ടുകളോളം സാധാരണക്കാരന്റെ അവകാശങ്ങൾക്കും നീതി നിഷേധത്തിനുമെതിരെ പോരാടിയ നേതാവാണ് മാണിക് സർക്കാർ.

ബിജെപിയുടെ പൊയ്‌നാടകങ്ങളും കപട പ്രസ്താവനകളും ഭരണപക്ഷത്തിനോടുള്ള ജനങ്ങളിലെ വിശ്വാസ്യതയിൽ വിള്ളൽവീഴ്ത്തിയ കാഴ്ച്ചയാണ് ത്രിപുരയിൽ ഈ തെരഞ്ഞെടുപ്പിൽ
കണ്ടത്. ബിജെപി നാൽപ്പതിലേറെ സീറ്റുമായി മു്ന്നേറ്റം കുതിക്കുമ്പോൾ കമ്മ്യൂണിസം എന്ന കനൽ ത്രിപുരയിൽ കെട്ടടങ്ങി കേരളത്തിൽ മാത്രമൊതുങ്ങുന്ന ഒന്നായി മാറുന്ന  കാഴ്ച്ചയും ഈ തെരഞ്ഞെടുപ്പോടെ രാജ്യം കണ്ടു.

manik sarkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here