വാര്‍ണര്‍-ഡികോക്ക് വാക്‌പോര്; കയ്യാങ്കളിയോളം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ക്രിക്കറ്റ് കളിക്കളത്തിലെ വാക്‌പോര് ആരാധകര്‍ പലപ്പോഴായി നേരിട്ടും ദൃശ്യമാധ്യമങ്ങള്‍ വഴിയും കണ്ടിട്ടുണ്ടാകും. എന്നാല്‍ കളത്തിന് പുറത്തെ കളിക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അധികമാരും പുറത്തറിയാറില്ല. എന്നാല്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ട് താരങ്ങള്‍ തമ്മിലുണ്ടായ വാക്‌പോര് പിന്നീട് കയ്യാങ്കളിവരെയെത്തിയ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായി. ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും തമ്മിലാണ് അടിയുടെ വക്കില്ലെത്തിയ വാക്കേറ്റം നടത്തിയത്. ഡ്രസിംഗ് റൂമിന് പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരു താരങ്ങളും തമ്മിലുള്ള വാക്കേറ്റം ക്രിക്കറ്റ് ലോകം കണ്ടത്. നാലാം ദിനത്തിലെ കളിക്കിടെ ചായക്കായി ഇരു ടീമുകളും പിരിയുമ്പോഴാണ് സംഭവം. ഡ്രസിംഗ് റൂമിലേക്ക് വരികയായിരുന്ന വാര്‍ണര്‍ രോഷാകുലനാകുന്നതും പുറകില്‍ വരുന്ന ഡികോക്കിനെ കയ്യേറ്റം ചെയ്യാന്‍ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ എടുത്തുകാണിക്കുന്നു. ഒടുവില്‍ സഹതാരങ്ങളാണ് വാര്‍ണറെ പിടിച്ചുമാറ്റിയത്. കളിക്കളത്തില്‍ ഉടലെടുത്ത വിഷയത്തിന്റെ പേരിലാണ് ഇരുതാരങ്ങളും ഏറ്റുമുട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here