Advertisement

ഇത് റോസ് ബാസ്റ്റിന്‍ സിസ്റ്റര്‍, സമര്‍പ്പിത ജീവിതത്തിലെ കരുണാസ്വരൂപം

March 8, 2018
Google News 1 minute Read

ഇത് സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ . സന്യാസ ജീവിതം ആരംഭിച്ച് 25വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സിസ്റ്റര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു മഹാദാനത്തിന്റെ പേരിലാണ്.  സന്യാസ ജീവിതത്തിന്റെ രജത ജൂബിലി സിസ്റ്റര്‍ ആഘോഷിച്ചത് സ്വന്തം വൃക്ക ദാനം ചെയ്താണ്!! ഇരിങ്ങാലക്കുട സ്വദേശിയായ തിലകനാണ് സിസ്റ്റര്‍ വൃക്ക ദാനം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനത്തോടെയാവണം സന്യാസിനിയായതിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കേണ്ടതെന്ന ചിന്തയാണ് ഈ മഹത്കര്‍മ്മത്തിലേക്ക് സിസ്റ്ററെ നയിച്ചത്. ഹോളി ഫാമിലി സന്യാസ സഭയിലെ അംഗമായ റോസ് ബാസ്റ്റിന്‍ സിസ്റ്റര്‍  ഇരിങ്ങാലക്കുടെ സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയാണ്.

ക്രൈസ്റ്റ് കോളേജിലെ അധ്യാപകര്‍ തിലകന്റെ വൃക്ക മാറ്റിവയ്ക്കല്‍ ഓപ്പറേഷന് വേണ്ടി പണം സ്വരൂപിക്കുന്ന അവസരത്തിലാണ് സിസ്റ്റര്‍ അവിടെ മൂല്യനിര്‍ണ്ണയത്തിനായി എത്തുന്നത്. ജീവന്‍ മാത്രം മുന്നില്‍ കണ്ടാണ് സിസ്റ്റര്‍ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തുട്ര‍ന്ന് ദൈവഹിതം പോലെ മറ്റൊന്ന് കൂടി നടന്നു. തിലികന്റേയും സിസ്റ്ററിന്റേയും രക്ത ഗ്രൂപ്പ് ഒന്നായിരുന്നു എന്നതായിരുന്നു ആ അത്ഭുതം. അപ്രതീക്ഷിതമായാണ് രക്ത ഗ്രൂപ്പ് ഒന്നാണെന്ന് തിരിച്ചറിഞ്ഞത്.  പിന്നെ മനസുകൊണ്ടും ശരീരം കൊണ്ടും ഈ മഹാദാനത്തിന് തയ്യാറെടുക്കുകയായിരുന്നു. അധ്യാപകരും, കുടുംബവും, ശിഷ്യഗണങ്ങളും ഒപ്പം നിന്നു. ജനുവരി 19നായിരുന്നു ഓപ്പറേഷന്‍. വിജയകരമായി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് വരികയാണ് സിസ്റ്ററും ഒപ്പം തിലകനും.

ആലപ്പുഴയിലെ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ പന്ത്രണ്ട് മക്കളില്‍ ഒമ്പതാമത്തെയാളായിരുന്നു സിസ്റ്റര്‍. വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മ ത്രേസ്യാമ്മയില്‍ നിന്നാണ് സിസ്റ്റര്‍ ദാനത്തിന്റെ പാഠങ്ങള്‍ പഠിച്ചത്. മക്കളിലൊരാള്‍ അടുത്ത ക്ലാസിലേക്ക് ജയിക്കുമ്പോള്‍ മക്കളേയും കൂട്ടി പോയി ആ അമ്മ ഒരു ഉടുപ്പ് വാങ്ങും, അത് അനാഥാലയത്തിലെ ഒരു കുട്ടിയ്ക്ക് കൊണ്ട് കൊടുക്കും. കഷ്ടപ്പാടിന്റെ നടുവില്‍ നിന്നും മറ്റുള്ളവര്‍ക്കായി എന്തെങ്കിലും നല്‍കാന്‍ കഴിയുമെന്ന് അന്നാണ് സിസ്റ്ററിന്റെ കുഞ്ഞ് മനസിന് ബോധ്യമായത്.

മഠത്തില്‍ ചേര്‍ന്നതിന് ശേഷമാണ് സിസ്റ്റര്‍ ജീവകാരുണ്യ പ്രവൃത്തികളില്‍ കൂടുതല്‍ സജീവമാകുന്നത്. ഹോളി ഫാമിലി സിസ്റ്റര്‍മാര്‍ സാധാരണയായി ചാര നിറത്തിലുള്ള സഭാവസ്ത്രമാണ് ധരിക്കാറ്. എന്നാല്‍ സിസ്റ്ററിന്റെ പ്രത്യേക ആഗ്രഹപ്രകാരം ഇപ്പോഴും സിസ്റ്റര്‍ വെള്ള വസ്ത്രമാണ് ധരിക്കുന്നത്.
തൃശ്ശൂര്‍ മാത്രമല്ല കേരളക്കരയാകെ സുനാമി വീശിയടിച്ച സമയത്ത് തീരദേശവാസികള്‍ക്ക് അവശ്യ വസ്തുക്കളുമായി സിസ്റ്റര്‍ എത്തിയിരുന്നു. ഇരിങ്ങാലക്കുടയിലെ കൃപാഭവനില്‍ പ്രായമായവര്‍ക്കായി പകല്‍വീടും സിസ്റ്റര്‍ നടത്തുന്നുണ്ട്. പ്രായമായവരെ ഇവിടെ എത്തിക്കുന്നതും തിരികെ കൊണ്ട് വരുന്നതും സിസ്റ്ററിന്റെ നേതൃത്വത്തിലാണ്. ഇവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതും സിസ്റ്റര്‍ തന്നെയാണ്. മഠത്തിന് സമീപത്ത് കൃഷി സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയും സിസ്റ്റര്‍ നടത്തുന്നുണ്ട്. ആദിവാസി മേഖലയില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഭക്ഷണസാധനങ്ങളും എത്തിക്കുന്നുണ്ട്. ആദിവാസികോളനികള്‍ക്ക് പുറമെ ഗവണ്‍മെന്റ് ആശുപത്രികളില്‍ ആരോരുമില്ലാത്തവര്‍ക്കും സഹായവുമായി എത്താറുണ്ട്.

എം എ ഒന്നാം ക്ലാസിലും എംഫില്‍ ഒന്നാം റാങ്കിലും പാസായ സിസ്റ്റര്‍ 2003 ല്‍ ‘ബൈബിളിലും കബീര്‍ദാസ് കൃതികളിലും (ക്രൈസ്തവ-ഭാരതീയ) പ്രകാശിക്കുന്ന ‘സാമൂഹിക പരിഗണനയും സാര്‍വ്വത്രിക ക്ഷേമകാംക്ഷയും’ സംബന്ധിച്ച ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here