അധികാരികള്‍ തലകുനിച്ചു; വിജയകാഹളം മുഴക്കി കര്‍ഷക ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു

നെല്‍വിന്‍ വില്‍സണ്‍
മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം സമരക്കാര്‍ പിന്‍വലിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം അംഗീകരിക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ കാര്യങ്ങള്‍ രേഖാസഹിതം ഒപ്പിട്ട് നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വിജയകാഹളം മുഴക്കിയാണ് സമരക്കാര്‍ പ്രക്ഷോഭം അവസാനിപ്പിച്ചതായി അറിയിച്ചത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ട് മാസം കൊണ്ട് പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ വിദഗ്ത സമിതിയെ നിയോഗിച്ചു.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെവന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സമ്മര്‍ദത്തിന് വഴങ്ങി സമ്മതിച്ചുകൊടുക്കുകയല്ലാതെ സര്‍ക്കാരിന് മുന്‍പില്‍ മറ്റ് വഴികളൊന്നും ഇല്ലായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫടനാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. സിപിഎം പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് അമ്പതിനായിരത്തോളം കര്‍ഷകര്‍ അണിനിരന്ന ലോംഗ് മാര്‍ച്ച് മുംബൈയിലെത്തിയത്.
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നിയമസഭ ഉപരോധിക്കുമെന്നും സമരക്കാര്‍ പറഞ്ഞിരുന്നു. ശിവസേനയടക്കമുള്ള പാര്‍ട്ടികള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ ഭരണപക്ഷത്ത് ബിജെപി ഒറ്റപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയും സര്‍ക്കാരിന് മുന്‍പില്‍ ഉണ്ടായിരുന്നില്ല.
ഇത് പോരാടി നേടിയ വിജയമാണ്…കനത്ത ചൂടിനെ പോലും വകവെക്കാതെ പൊള്ളിയ കാലുകളുമായി അവര്‍ ഒന്നിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു…മഹാരാഷ്ട്രയില്‍ അറങ്ങേറിയ കര്‍ഷക പ്രക്ഷോഭം അങ്ങനെ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്…അതിന്റെ ദൃഷ്ടാന്തമായിരുന്നു സമരം അവസാനിപ്പിച്ച ശേഷം കര്‍ഷകര്‍ ഉച്ചത്തില്‍ മുഴക്കിയ വിജയകാഹളം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here