മോദിക്ക് അധികാരം തലക്കുപിടിച്ചിരിക്കുന്നു; കോണ്‍ഗ്രസ് തിരിച്ചുവരും: സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരം തലക്കുപിടിച്ചതിന്റെ ഗര്‍വും ധാര്‍ഷട്യവുമാണെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ഭരണകൂടം കള്ളക്കേസുകള്‍ കെട്ടിചമയ്ച്ച് പാര്‍ട്ടിയെ ദുര്‍ബലപ്പെട്ടുത്താന്‍ നോക്കുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദി ഭരണം രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാക്കുന്നുവെന്നും ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവേ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും. വരുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് അതിന്റെ ഉദാഹരണമാകും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. 1978ല്‍ ചിക്കമംഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇന്ദിരാഗാന്ധി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നത് ഓര്‍മിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ കുറിച്ച് സോണിയ സംസാരിച്ചു തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top