വിവാദമായി കൊച്ചിയിലെ ക്രിക്കറ്റ്; ഗ്രൗണ്ട് മാറ്റണമെന്ന ആവശ്യവുമായി ഐ.എം. വിജയന്‍

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള കെസിഎയുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ഫുട്‌ബോള്‍ താരം ഐ.എം. വിജയനും രംഗത്ത്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്ന ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) മത്സരം നടത്താന്‍ കലൂര്‍ സ്റ്റേഡിയം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഈ നീക്കത്തിനെതിരെയാണ് വിജയനും രംഗത്ത് വന്നിരിക്കുന്നത്. കൊച്ചിയിലെ സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് അനുകൂലമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്രയും നല്ലൊരു സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വേണ്ടി കുത്തിപൊളിക്കേണ്ട ആവശ്യമുണ്ടോ എന്ന് താരം ചോദിച്ചു. ക്രിക്കറ്റിന് അനൂകൂലമായി കാര്യവട്ടത്ത് സ്റ്റേഡിയം ഉള്ളപ്പോള്‍ കൊച്ചിയിലേക്ക് മത്സരം മാറ്റിയതില്‍ അതൃപ്തിയുണ്ടെന്നും താരം അറിയിച്ചു. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങളായ ഇയാന്‍ ഹ്യൂം, സി.കെ. വിനീത് എന്നിവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ എംപിയും കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നത് ഉചിതമല്ലെന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐ.എം. വിജയന്‍ കൂടി രംഗത്തെത്തിയതോടെ കെ.സി.എ. കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. നവംബറിലാണ് ഇന്ത്യ-വിന്‍ഡീസ് മത്സരം നടക്കേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top