Advertisement

എന്റെ ഭാര്യയുടെ കരിയർ തട്ടിയെടുത്താണ് ഞാനിന്ന് ഈ നിലയിൽ എത്തിയത്: നാരായണ മൂർത്തി

March 21, 2018
1 minute Read
sudha murthy about infosys founder narayana murthy

ഏതൊരു ബിടെക്ക് ബിരുദധാരിയുടേയും സ്വപ്‌നമാണ് ഇൻഫോസിസ് കമ്പനി. ബംഗലൂരൂ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 1,021 കോടി യുഎസ് ഡോളർ വരുമാനമുള്ള ഈ കമ്പനി ഒരു ഇന്ത്യക്കാരന്റെ സൃഷ്ടിയാണെന്നത് മറ്റൊരു അഭിമാനം. നന്ദൻ നിലെകേനി, എസ്ഡി ഷിബുലാൽ തുടങ്ങിയവർക്കൊപ്പം എൻആർ നാരായണ മൂർത്തി രൂപം കൊടുത്ത ഈ കമ്പനി മറ്റ് മൾട്ടിനാഷ്ണൽ കമ്പനികൾക്കൊപ്പം തന്നെ തലയയുർത്തി നിൽക്കുന്നു…എന്നാൽ അതിന് പിന്നിൽ മറ്റൊരാളുടെ കൂടി അധ്വാനവും ത്യാഗവുമുണ്ട്…നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ ! നാരായണ മൂർത്തിയെ കുറിച്ച് സുധ എഴുതിയ പുസ്തകത്തിലാണ് ഈ കഥ പറയുന്നത്.

സ്വഭാവത്തിൽ രണ്ട് ദ്രുവങ്ങളിലായിരുന്ന നാരായണ മൂർത്തിയും സുധാ മൂർത്തിയും ഇരുവരുടേയും സുഹൃത്ത് പ്രസന്നയിലൂടെയാണ് പരിചയപ്പെടുന്നത്. അന്തർമുഖനായ നാരായണ മൂർത്തിയിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു ആത്മവിശ്വാസവും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന അതിയായ ആഗ്രഹത്തോടെയും ജീവിക്കുന്ന സുധ മൂർത്തി.

ഒരിക്കൽ മൂർത്തി സുധയെ അത്താഴത്തിന് ക്ഷണിക്കുന്നതോടെയാണ് ഇരുവരുടേയും പ്രണയകഥ ആരംഭിക്കുന്നത്. തന്റെ മറ്റ് സുഹൃത്തുക്കൾക്കൊപ്പമാണ് സുധയെയും മൂർത്തി അത്താഴത്തിന് ക്ഷണിക്കുന്നത്. എന്നാൽ അക്കൂട്ടത്തിൽ കമ്പ്യൂട്ടർ ശാസ്ത്രജ്ഞയായ സുധ മാത്രമേ പെൺകുട്ടിയായി ഉണ്ടായിരുന്നുള്ളു. ഈ ചിന്ത സുധയെ പിന്നോട്ട് വലിച്ചു. എന്നാൽ മൂർത്തി നിർബന്ധിച്ചതോടെ സുധ ഗ്രീൻ ഫീൽഡ് ഹോട്ടലിൽവെച്ച് മൂർത്തിയെ കാണാം എന്ന് വാക്ക് നൽകി.

പെട്ടെന്ന് തന്നെ സുഹൃത്തുക്കളായ മൂർത്തിയും സുധയും പിന്നീട് ബുക്കുകൾ കൈമാറാനും, അവയെ കുറിച്ച് സംസാരിക്കാനുമെല്ലാം തുടങ്ങി. പ്രണയത്തിന്റെ ഒരു സൂചന പോലും മൂർത്തി കൊടുത്തിരുന്നില്ലെങ്കിലും പെട്ടെന്നൊരു ദിവസം മൂർത്തി സുധയെ പ്രപോസ് ചെയ്തു.

എന്റെ ഉയരം 5’4ആണ്. ഞാനൊരും മിഡിൽക്ലാസ് കുടുംബത്തിൽ നിന്നുമാണ് വരുന്നത്. എനിക്കൊരിക്കലും ഒരു പണക്കാരനാകാൻ കഴിയില്ല. നീ സുന്ദരിയും ബുദ്ധിമതിയുമാണ്. നിനക്ക് ആരെ വേണമെങഅകിലും വിവാഹം ചെയ്യാൻ സാധിക്കും. പക്ഷേ നീ എന്നെ വിവാഹം ചെയ്യുമോ?

ഇങ്ങനെയാണ് മൂർത്തി സുധയെ പ്രപോസ് ചെയ്യുന്നത്. എന്നാൽ സുധ മൂർത്തിയോട് ഉത്തരം പറയാനായി അൽപ്പം സമയം ചോദിച്ചു. സുധ വീട്ടുകാരോട് മൂർത്തിയെ പറ്റി പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തു. എന്നിരുന്നാലും സുധയുടെ മാതാപിതാക്കൾ മൂർത്തിയെ കാണാമെന്ന് സമ്മതിച്ചു.

എന്നാൽ പരസ്പരം കാണാമെന്ന് പറഞ്ഞ സമയത്ത് മൂർത്തി എത്തിയില്ല. വാക്ക് പാലിക്കാൻ പറ്റാത്തവനെങ്ങനെയാണ് തന്റെ മകളെ നോക്കാൻ സാധിക്കുകയെന്ന് സുധയുടെ പിതാവ് സുധയോട് ചോദിച്ചു. രണ്ട് മണിക്കൂറുകൾക്ക് ശേഷം മൂർത്തി എത്തിയപ്പോൾ സുധയുടെ അച്ഛന് ആദ്യ കാഴ്ച്ചയിൽ തന്നെ മൂർത്തിയെ ഇഷ്ടപ്പെട്ടില്ല.

ജീവിതത്തിൽ എന്താകാനാണ് ആഗ്രഹമെന്ന് സുധയുടെ അച്ഛൻ മൂർത്തിയോട് ചോദിച്ചു. തനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിലെ രാഷ്ട്രീയക്കാരനാകണമെന്നും ഒരു അനാധാലയം തുടങ്ങണമെന്നും മൂർത്തി പറഞ്ഞപ്പോൾ. അപ്പോൾ തന്നെ സുധയുടെ അച്ഛന്റെ ഉത്തരം വന്നു’ വിവാഹത്തിന് സമ്മതമല്ല. ഒരു കമ്മ്യൂണിസ്റ്റുകാരൻ ആകണമെന്ന് ആഗ്രഹിക്കുകയും സ്വന്തം കുടുംബത്തെ പോലും നോക്കാൻ പണമില്ലാതെ അനാധാലയം തുടങ്ങണമെന്ന് പറയുകയും ചെയ്യുന്നവന് തന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കില്ലെന്ന് അദ്ദേഹം തീർത്ത് പറഞ്ഞു.

സുധയുടെ അച്ഛനെ പ്രീതിപ്പെടുത്താൻ മൂർത്തിക്കായില്ലെങ്കിലും സുധയുടെ ഹൃദ്യം കീഴടക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിച്ചു. ഇഷ്ടപ്പെട്ട പുരുഷനും ജന്മം നൽകിയ അച്ഛനും ഇടയിൽ സുധ വിയർത്തു.

അപ്പോഴേക്കും മൂർത്തി റിസേർച്ച് അസിസ്റ്റന്റ് ന്നെ ജോലി ഉപേക്ഷിച്ചിരുന്നു. സ്വന്തമായി സോഫ്‌ട്വെയർ കമ്പനി തുടങ്ങണമെന്ന് ആഗ്രഹം മൂർത്തിയുടെ മനസ്സിൽ കൂടുകൂട്ടിയിരുന്നു.

1977 അവസാനത്തോടെ പത്‌നി കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിലെ ജനറൽ മാനേജർ പോസ്റ്റിലെത്തിയ മൂർത്തി സുധയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി വീണ്ടും സുധയുടെ അച്ഛനമ്മമാരെ സമീപിച്ചു. അപ്പോഴേക്കും സ്ഥിര വരുമാനവും നല്ല നിലയിലും എത്തിയ മൂർത്തിസെ സുധയുടെ അച്ഛന് ഇഷ്ടമായി. 1978 ഫെബ്രുവരി 10 ന് ബംഗലൂരുവില് മൂർത്തിയുടെ വീട്ടിൽവെച്ച് ഇരുവരും വിവാഹിതരായി.

1981 ലാണ് തന്റെ വലിയ സ്വപ്‌നത്തെ കുറിച്ച് മൂർത്തി ചിന്തിക്കുന്നത്. സ്വന്തമായി ഒരു സോഫ്‌ട്വെയർ കമ്പനി എന്ന സ്വപ്‌നം മൂർത്തിയുടെ ഉറക്കം കെടുത്തിയിട്ട് നാള് കുറച്ചായിരുന്നു. പക്ഷേ പണമായിരുന്നു മൂർത്തിക്ക് മുന്നിലെ പ്രശ്‌നം.

ബോംബെയിൽ നല്ലൊരു ജീവിതം നയ്ക്കുകയായിരുന്നു അപ്പോൾ മൂർത്തിയും ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം. ഇപ്പോഴുള്ള സ്ഥിരവരുമാനം വിട്ട് സോഫ്‌ട്വെയർ കമ്പനി എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങി തിരിക്കാൻ മൂർത്തി എന്ന കുടുംബനാഥന് അൽപ്പം ഭയമായിരുന്നു. പലപ്പോഴായി സുധ കൂട്ടിവെച്ച് 10,000 രൂപ മൂർത്തിക്ക് വെച്ചുനീട്ടി, ഇതാണ് തന്റെ കയ്യിൽ ആകെയുള്ള സ്വത്തെന്ന് പറഞ്ഞ് വച്ചുകൊടുക്കുമ്പോൾ ഇൻഫോസിസ് എന്ന സ്ഥാപനത്തിന്റെ മൂലധനമായിരിക്കും അതെന്ന് ആരും വിചാരിച്ചില്ല.

സാമ്പത്തികമായി മൂർത്തിയെ സഹായിക്കുകയും, വീട്ടിലെ പ്രശ്‌നങ്ങൾ മൂർത്തിയെ അറിയിക്കാതെ എല്ലാം സ്വയം ചെയ്ത് കുടുംബം തകരാതെ മുന്നോട്ടുകൊണ്ടുപോയി എന്നത് മാത്രമല്ല, മൂർത്തിയുടെ സ്ഥാപനത്തിനായി ടെൽകോയിലെ സ്വന്തം ജോലി രാജിവെച്ച് മൂർത്തിയെ സഹായിക്കാൻ എത്തുകയും ചെയ്തു.

എന്നാൽ മൂർത്തിയും സുധയും രാപ്പകലില്ലാതെ കമ്പനിക്ക് വേണ്ടി പ്രയത്‌നിച്ചപ്പോൾ കുടുംബകാര്യങ്ങൾ നോക്കാൻ ഇരുവർക്കും സമയമില്ലാതായി. കുടുംബത്തെ ഉപേക്ഷിച്ച് കമ്പനിക്ക് പ്രാധാന്യകൊടുക്കാൻ മൂർത്തിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മൂർത്തി സുധയോട് പറഞ്ഞു :

ഒന്നില്ലെങ്കിൽ സുധ അല്ലെങ്കിൽ ഞാൻ ഇൻഫോസിസിൽ ജോലി ചെയ്താൽ മതി. ഒരിക്കലും നാം ഒരുമിച്ച് കമ്പനിയിൽ വേണ്ട. സുധയ്ക്ക് ഇൻഫോസിസിൽ ജോലി ചെയ്യണമെങ്കിൽ ഞാൻ സന്തോഷത്തോടെ പിൻമാറും.

പക്ഷേ സുധ സന്തോഷത്തോടെ തന്നെ ഇൻഫോസിസിൽ നിന്നും പടിയിറങ്ങി…തന്റെ കുടുംബത്തിന് വേണ്ടി. ഇന്നും മൂർത്തി പറയും,

സുധയുടെ കരിയർ തട്ടിയെടുത്താണ് ഞാൻ ഇന്ന് ലോകം അറിയപ്പെടുന്ന വ്യവസായി ആയത്.

കാലമേറി കഴിഞ്ഞിട്ടും ഇന്നും പരസ്പരം പ്രണയി്ചുകൊണ്ടിരിക്കുകയാണ് സുധയും മൂർത്തിയും. ജോലിത്തിരക്കുകളോ കുടുംബകാര്യമോ ഒന്നും തന്നെ തങ്ങൾക്കിടയിൽ വരാൻ ഇരുവരും സമ്മതിച്ചിട്ടില്ലെന്ന് സുധ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top