രോഗിയെ തലകീഴായി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കും

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് നൽകി. ആംബുലൻസ് ഡ്രൈവറായ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സംഭവത്തിൽ ഫെരിഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആംബുലൻസിൽ ഒപ്പം വന്ന അറ്റൻഡർ വീൽ ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീൽ ചെയർ നൽകിയതെന്നും സുപ്രണ്ട് റിപ്പോർട്ട് നൽകി. ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ പേരിലാണ് രോഗിയെ ട്രെച്ചറിൽ തലകീഴായി കിടത്തിയത്. പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചപ്പോഴായിരുന്നു സംഭവം. രോഗി ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here