Advertisement

നാക്കുപിഴച്ച് അമിത് ഷാ; ഉന്നം വെച്ചത് സിദ്ധരാമയ്യയെ, കുറ്റി തെറിച്ചത് യെദ്യൂരപ്പയുടെ

March 27, 2018
2 minutes Read
Amit Sha BJP

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ ആരെന്ന് പോലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറന്നുപോയാല്‍ തെറ്റു പറയാന്‍ പറ്റുമോ? ആരും തെറ്റ് പറഞ്ഞില്ലേലും സംഗതി കൈവിട്ടു. അമിത് ഷായെ കളിയാക്കി നിരവധി പേര്‍ രംഗത്തുമെത്തി. എന്നാല്‍, ഇതില്‍ ശരിക്കും പെട്ടുപോയത് കര്‍ണാടകത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി മുന്നില്‍നിര്‍ത്തിയിരിക്കുന്ന യെദ്യൂരപ്പയാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ യെദ്യൂരപ്പയെ അഴിമതിക്കാരനെന്നാണ് അമിത് ഷാ അഭിസംബോധന ചെയ്തിരിക്കുന്നത്.

അറിഞ്ഞുകൊണ്ടല്ല ബിജെപി ദേശീയ അധ്യക്ഷന്‍ ഇങ്ങനെയൊരു അഭിസംബോധന നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും കര്‍ണാടകത്തിലെ നിലവിലെ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ അഴിമതിക്കാരനെന്ന് പറയുന്നതിനിടയില്‍ പേരൊന്ന് മാറി പോയതാണ് ഇപ്പോള്‍ പൊല്ലാപ്പായത്. സിദ്ധരാമയ്യക്കു പകരം യെദ്യൂരപ്പയുടെ പേരാണ് അമിത് ഷാ പറഞ്ഞത്. ഉടന്‍ തന്നെ അമിത് ഷായുടെ തൊട്ടടുത്തിരിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാവ് അമിത് ഷായുടെ നാക്കുപിഴയെ തിരുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് വിശേഷിപ്പിക്കുമ്പോള്‍ അമിത് ഷാക്കൊപ്പം യെദ്യൂരപ്പയും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍ അതിര്‍ത്തി മാറി വെടിവെച്ചിരിക്കുകയാണ് അമിത് ഷാ. വെടി കൊണ്ടതാകട്ടെ സ്വന്തം അതിര്‍ത്തിയിലുള്ള പാര്‍ട്ടിയുടെ വിശ്വസ്തനും. അമിത് ഷാക്ക് സംഭവിച്ച പിഴവ് എടുത്തുകാണിച്ച് സിദ്ധരാമയ്യ അടക്കമുള്ളവര്‍ പരിഹാസവുമായി രംഗത്തെത്തി. എപ്പോഴും നുണ പറയാറുള്ള അമിത് ഷാ ഇതാ ഇന്നൊരു സത്യം പറഞ്ഞിരിക്കുന്നു എന്നാണ് സിദ്ധരാമയ്യ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top