വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25 വർഷം കഠിന തടവായി ചുരുക്കി

വയനാട് വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയും വിവാഹിതയുമായ പെൺകുട്ടിയെ വനത്തിലേക്ക് കൂട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25 വർഷം കഠിന തടവായി ചുരുക്കി. ഒന്നാം പ്രതി പേരാൽ സ്വദേശി നാസർ ,രണ്ടാം പ്രതി ആസാദ് നഗർ കോളനി സ്വദേശി അബ്ദുൾ ഗഫൂർ എന്നിവരുടെ വധശിക്ഷയാണ് കോടതി കഠിന തടവായി ചുരുക്കിയത്.
മാനന്തവാടിയിലെ കോളജിലേക്ക് പോയ പെൺകുട്ടിയെ വനത്തിലേക്ക് കുട്ടിക്കൊണ്ടുപോയി പാനീയം നൽകി മയക്കിയ ശേഷം മാനഭംഗപ്പെടുത്തുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാൻ കല്ലു കൊണ്ടിടിച്ചു മുഖം വികൃതമാക്കി. മൊബൈൽ ഫോണും ആഭരണങ്ങളും കൈക്കലാക്കി. കോളജിൽ പോയ പെൺകുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്നുള്ള പരാതിയിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
2011 ഓഗസ്റ്റ് 9 നായിരുന്നു സംഭവം. ഹീനമായ കൃത്യമാണ് പ്രതികൾ നടത്തിയതെങ്കിലും പെൺകുട്ടി സ്വമേധയാ പ്രതികൾക്കൊപ്പം പോയത് കണക്കിലെടുത്താണ് കോടതി വധശിക്ഷ ഇളവു ചെയ്തത്. പെൺകുട്ടി പ്രതികൾക്കൊപ്പം കാടു കാണാൻ പോയതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here