ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ; മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം

Kochi Metroo

ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചത്. ഒരു വര്‍ഷത്തെ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷമാക്കാനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് (കെ.എം.ആര്‍.എല്‍) തയ്യാറെടുക്കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്‌റ്റേഷന്‍ പരിസരത്തോ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയാണ് ചിത്രങ്ങള്‍ അയക്കാനുള്ള സമയം. ഒരാള്‍ക്ക് രണ്ട് വീതം ഫോട്ടോസ് അയക്കാവുന്നതാണ്. മെട്രോയുമായി അഭേദ്യമായ ബന്ധമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ ക്യാപ്ഷന്‍ സഹിതം മെട്രോയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റ്: www.kochimetro.org.
തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 50,000 രൂപയാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 25,000 രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 15,000 രൂപയും സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് 6 ചിത്രങ്ങള്‍ക്ക് 10,000 രൂപ വീതവും സമ്മാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top