മധ്യപ്രദേശില്‍ ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കി ബിജെപി

അഞ്ചു ഹിന്ദു സന്യാസിമാര്‍ക്കു സഹമന്ത്രിപദവി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണു സംസ്ഥാന മന്ത്രിസഭ സഹമന്ത്രിസ്ഥാനം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയനേട്ടത്തിനുള്ള ബിജെപിയുടെ തട്ടിപ്പാണു സന്യാസിമാര്‍ക്കു സഹമന്ത്രിപദം നല്‍കിയതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. മറ്റു പ്രതിപക്ഷ നേതാക്കളും ബിജെപി തീരുമാനത്തിനെതിരെ പ്രസ്താവനയിലൂടെ രംഗത്തെത്തി.

മാര്‍ച്ച് 31നു നര്‍മദ നദീസംരക്ഷണത്തിനായി അഞ്ചു സന്യാസിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയംഗങ്ങള്‍ എന്ന നിലയ്ക്കാണു സന്യാസിമാര്‍ക്ക് സഹമന്ത്രിസ്ഥാനം നല്കിയതെന്നു പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ കെ കടിയ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top