മോദിയെ ഭയന്ന് കീരിയും പാമ്പും പട്ടിയും പൂച്ചയും ഒന്നിക്കുന്നു; പ്രതിപക്ഷ ഐക്യത്തെ താറടിച്ച് അമിത് ഷാ

Amit Sha BJP .

മോദി ഭരണകൂടത്തിനെതിരെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ കളിയാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും മോദിയെ ഭയമാണ്. ആ ഭയമാണ് അവരെയൊക്കെ ഒന്നിപ്പിക്കുന്നത്. മോദിയെ പേടിച്ച് കീരിയും പാമ്പും പട്ടിയും പൂച്ചയും ഒന്നിച്ചിരിക്കുകയാണ്. എന്നാല്‍, ആര് ഒന്നിച്ചാലും മോദിയെ തകര്‍ക്കാന്‍ കഴിയില്ല. പശ്ചിമ ബംഗാളും ഒഡീഷയും നേടിയെടുക്കുമ്പോള്‍ ബിജെപി സുവര്‍ണ കാലഘട്ടത്തിലേക്ക് കടക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ 38-ാമത് സ്ഥാപകദിനാഘോഷ ചടങ്ങില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെ താറടിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസംഗം.

വിരലിലെണ്ണാവുന്ന ഒരു പാര്‍ട്ടിയാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് കോടികണക്കിന് ജനങ്ങളുടെ പാര്‍ട്ടിയായിരിക്കുന്നത്. മോദി തരംഗത്തെ പ്രതിരോധിക്കാന്‍ ആരെല്ലാം ഒന്നിച്ചിട്ടും കാര്യമില്ല. എങ്ങനെ ഒന്നിച്ചാലും അവര്‍ക്കൊന്നും മോദി കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദളിതര്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. രാജ്യത്തെ ദളിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് എന്താണ് ചെയ്തിട്ടുള്ളത്? കോണ്‍ഗ്രസ് ദളിത് ജനങ്ങളെ മറന്നാലും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ഉന്നമനത്തിനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top