‘ദളിത് ഹര്‍ത്താല്‍’ എന്താ, ഹര്‍ത്താലല്ലേ?

Dalit harthal
ഉന്മേഷ് ശിവരാമന്‍ 

കേരളത്തില്‍ ഹര്‍ത്താല്‍ ‘ആഘോഷങ്ങള്‍’ അസാധാരണമല്ല. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ഇലയനക്കം പതിവില്ല. സര്‍ക്കാര്‍-സ്വകാര്യ ബസ്സുകള്‍ ഓടാറില്ല. കടകള്‍ അടഞ്ഞു കിടക്കും.എന്നിട്ടും ഓടുന്ന വാഹനങ്ങള്‍ തടയും. തുറന്ന കടകള്‍ അടപ്പിക്കും. എന്നാല്‍,ദളിത് സംഘടനകള്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ സ്ഥിതി മാറി. ബസ് ഓടിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ചു. കടകള്‍ അടച്ച് സഹകരിക്കില്ലെന്ന് വ്യാപാരിസംഘടനകളും വ്യക്തമാക്കി. മറ്റ് ഹര്‍ത്താലുകളില്‍ ആദ്യമേ ഓട്ടം നിര്‍ത്തുന്ന കെഎസ്ആര്‍ടിസി പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്തുമെന്ന് എംഡിയുടെ പ്രഖ്യാപനവും വന്നു. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ് ? ദളിത് സംഘടനകളുടെ ഹര്‍ത്താലിനോടും മറ്റു ഹര്‍ത്താലുകളോടും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്.

പിന്തുണയില്ല ; ന്യായം ഇതാണ്

ഏപ്രില്‍-2 ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ പൊതുപണിമുടക്ക് നടന്നു.അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താല്‍ തന്നെ.കടകള്‍ തുറക്കുകയോ വാഹനങ്ങള്‍ ഓടുകയോ ചെയ്തില്ല. ആറാം ദിവസം മറ്റൊരു ഹര്‍ത്താലിനെക്കൂടി പിന്തുണച്ചാല്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയാവില്ലേ?  വ്യാപാരികളും സ്വകാര്യ ബസ് ഉടമകളും ചോദിക്കുന്നത് ഇതാണ്. ഹര്‍ത്താലിനെ പിന്തുണയ്ക്കാത്തതിന്റെ കാരണവും ഇതുതന്നെ . ഹര്‍ത്താലില്‍ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുക. ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന സാധാരണക്കാരന്‍ പട്ടിണിയാകും ; പണിയുമില്ല, കൂലിയുമില്ല എന്ന അവസ്ഥ വന്നാല്‍. തുടര്‍ച്ചയായി ഹര്‍ത്താല്‍ വന്നാലും , കുറേക്കാലം കൂടി ഹര്‍ത്താല്‍ വന്നാലും ‘അടിസ്ഥാനദുരിതം’ ഒന്നുതന്നെ. അവിടെയാണ്, ദളിത് ഹര്‍ത്താലിനെ പിന്തുണയ്ക്കാത്ത ബസുടമകളുടെയും വ്യാപാരികളുടെയും ന്യായവാദം സംശയത്തിന്റെ നിഴലിലാകുന്നത്. ഇതിനുമുന്‍പ് കേരളത്തില്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ തുടര്‍ഹര്‍ത്താലുകളെ പിന്തുണച്ചവരാണ് ഇവരെന്ന് കൂടി ഓര്‍ക്കുക. ‘ദളിത’ന്റെ ഹര്‍ത്താലിന് പിന്തുണവേണ്ട എന്ന മാനസികാവസ്ഥയിലാണോ ഇവരെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റാന്‍ വഴിയില്ല.

മുഖ്യധാരാ പാര്‍ട്ടികളുടെ നിലപാട്

ദളിത് സംഘടനകളുടെ ഹര്‍ത്താലിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം,കോണ്‍ഗ്രസ്,സിപിഐ,മുസ്‌ലീം ലീഗ്,ബിജെപി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യമായി നിലപാട് പറഞ്ഞിട്ടില്ല(ആര്‍ക്കും ഹര്‍ത്താല്‍ നടത്താന്‍ അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ച് കണ്ടു). യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമാണ് ഹര്‍ത്താലിന് പരസ്യപിന്തുണ നല്‍കിയത്. ചിലയിടങ്ങളില്‍ കടകള്‍ അടപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി.

അക്രമം വേണ്ട,പ്രതിഷേധം മതി

ദളിത് സംഘടനകളുടൈ ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും ആക്രമണങ്ങള്‍ ഉണ്ടായി. കൊല്ലത്തും തൃശൂരും കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു. തിരുവനന്തപുരം മണക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ചാല കമ്പോളത്തില്‍ ബലമായി കടകള്‍ അടപ്പിച്ചു. പത്തനംതിട്ടയിലും വഴി തടയല്‍ സമരം നടന്നു. ആലപ്പുഴയില്‍ വഴി തടഞ്ഞ 11 പേരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കൊച്ചിയില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തു. മൂന്നാറില്‍ വിനോദസഞ്ചാരികളെ തടഞ്ഞു. കൊച്ചി മാടവന ബൈപ്പാസില്‍ സംഘര്‍ഷമുണ്ടായി.പാലക്കാടും കെഎസ്ആര്‍ടിസി ബസ്സുകള്‍ ഡിപ്പോയ്ക്കു മുന്നില്‍ തടഞ്ഞു.

ചുരുക്കത്തില്‍,സംസ്ഥാന വ്യാപകമായി അതിക്രമങ്ങള്‍ ഉണ്ടായി. പ്രതിഷേധിക്കുന്ന എന്നതിനപ്പുറം , ബലം പ്രയോഗിക്കല്‍ മറ്റ് ഹര്‍ത്താലുകളേക്കാള്‍ കൂടുതലായി നടന്നു. അതിന് കാരണമായത് ബസുടമകളുടെയും വ്യാപാരികളുടെയും അനുകൂലമല്ലാത്ത സമീപനമാണെന്ന് വാദിച്ചാലും അക്രമങ്ങളെ പിന്തുണയ്ക്കുക വയ്യാ. സമാധാനപരമായി ഹര്‍ത്താല്‍ നടത്തി പ്രതിഷേധം രേഖപ്പെടുത്തുകയാണ് വേണ്ടത്. ബസ്സുകള്‍ ഓടാത്തതും കടകള്‍ അടഞ്ഞു കിടക്കുന്നതുമാണ് ഹര്‍ത്താല്‍ വിജയത്തിന്റെ മാനദണ്ഡം എന്നിരിക്കെ ദളിത് സംഘടനകളുടെ ‘അക്രമഹര്‍ത്താലും’ വിജയമാകും.

വിഷയമാണ് പ്രധാനം

ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. പട്ടികവര്‍ഗ്ഗ-പട്ടികജാതി നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുമ്പോള്‍ പ്രതിഷേധം സ്വാഭാവികം. അതിന് എതിരെ ഭാരതബന്ദ് നടന്നപ്പോള്‍ ദളിത്പ്രക്ഷോഭകരെ വെടിവച്ചു കൊല്ലുന്ന സ്ഥിതിയുണ്ടായി. രാജ്യത്ത് പലയിടത്തും ദളിത് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ ചെയ്തത്. സംഘ്പരിവാര്‍ അജണ്ട നിറവേറ്റുന്ന ബിജെപി സര്‍ക്കാരുകള്‍ ദളിത് പ്രശ്‌നങ്ങളില്‍ ഇടപെടുന്നതേയില്ല( വോട്ടുബാങ്കു രാഷ്ട്രീയം കളിക്കുന്ന ബിജെപി നിലപാടുകള്‍ പൊള്ളത്തരമാണെന്ന് ബോധ്യമായതാണ്). ഇതില്‍ മാറ്റമുണ്ടാകണം.

ദളിത് സമൂഹം ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. അതിന് പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയാണ് വേണ്ടത്. ‘അക്രമഹര്‍ത്താല്‍’ നടത്തി വിജയിപ്പിച്ചാല്‍ അത് സാധ്യമാകില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ക്കു പിന്നിലെ ‘പരിചയമില്ലായ്മ’യും മനസ്സിലാക്കുന്നു. ദളിത് വിഷയങ്ങള്‍ രാജ്യം ഏറ്റെടുക്കുന്ന കാലം വിദൂരത്തല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top