അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ അപ്രതീക്ഷിത വെടിവെപ്പ്. പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റൈഫിള്‍മാന്‍മാരായ വിനോദ് സിങ്, ജാകി ശര്‍മ എന്നിവര്‍ക്കാണ് വീരമൃത്യു. ജമ്മുവിലെ രജൗറി ജില്ലയിലുള്ള സുന്ദര്‍ബനി സെക്ടറിലാണ് വെടിവെപ്പ് നടന്നത്. തിങ്കളാഴ്ച വൈകിട്ട് 5.15നാണ് പ്രകോപനങ്ങളില്ലാതെ പാക് ആക്രമണം നടന്നത്.

മെഷിന്‍ ഗണ്ണുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് സൈന്യത്തിന്റെ പ്രകോപനം. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരന്നതിനിടെയാണ് വിനോദ് സിങ്ങിനും ജാകി ശര്‍മയ്ക്കും വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാർ ലംഘിക്കുന്നത്. ഏപ്രില്‍ മൂന്നിന് പൂഞ്ചിൽ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 650 തവണയാണ് പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top