കത്വ പ്രതിനിധാനം ചെയ്യുന്നത് മനുഷ്യത്വഹീനമായ യുഗം; പിണറായി വിജയന്‍

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കത്വയില്‍ എട്ടുവയസുകാരിയായ ആസിഫയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ മനുഷ്യത്വരഹിതമായ നീചപ്രവര്‍ത്തിയിലുള്ള പ്രതിഷേധം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറ്റവാളികള്‍ക്ക് വേണ്ടി ജനപ്രതിനിധികള്‍ പോലും തെരുവിലറങ്ങിയ സാഹചര്യത്തെയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. രാജ്യം ഈ ‘നല്ല ദിനങ്ങളെ’ ഓര്‍ത്ത് ലോകത്തിന് മുന്‍പില്‍ ലജ്ജിച്ച് തലതാഴുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛാദിന്‍ പ്രഖ്യാപനത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ വാഴ്ച രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നുകാണിക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here