‘പാര്‍വതി വിസ്മയിപ്പിച്ചു’ ; ദേശീയ അവാര്‍ഡില്‍ മുത്തമിട്ട് ടേക്ക് ഓഫിലെ സമീറ

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ താരമായി മലയാളികളുടെ സ്വന്തം പാര്‍വതി. ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം സ്വന്തമാക്കിയിരിക്കുകയാണ് പാര്‍വതി. വലിയ വാദപ്രതിവാദങ്ങള്‍ക്കും ശക്തമായ മത്സരത്തിനും ശേഷമാണ് മലയാളി താരമായ പാര്‍വതി ഈ നേട്ടത്തിലെത്തിയതെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ അവാര്‍ഡ് പ്രഖ്യാപന സമയത്ത് പറഞ്ഞു. പാര്‍വതിയുടെ സമീറ എന്ന കഥാപാത്രം ജൂറിയെ വിസ്മയിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പാര്‍വതി മികച്ച മത്സരം കാഴ്ചവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന നായകപരിവേഷ കെട്ടുകാഴ്ചകളെ താറുമാറാക്കിയ കഥാപാത്രമായിരുന്നു പാര്‍വതിയുടെ ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങള്‍ അണിനിരന്ന ടേക്ക് ഓഫില്‍ പാര്‍വതിയുടെ സമീറ നായക കാഴ്ചകളെ പൊളിച്ചെഴുതുകയായിരുന്നു. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതി ‘സമീറ’ എന്ന കേന്ദ്ര കഥാപാത്രത്തിനാണ് ജീവന്‍ നല്‍കിയത്. സംഘര്‍ഷ ഭൂമിയില്‍ സമീറ അനുഭവിക്കുന്ന യാതനകളും ഒറ്റപെടലുകളും പാര്‍വതി അതിഗംഭീരമാക്കി.
ഇറാഖിൽ എെഎസ് ഭീകരർ ബന്ധിയാക്കിയ നേഴ്സുമാരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ നടന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി പോവുന്ന സമീറയാണ് കഥ കൊണ്ടു പോവുന്നത്. ആ മുസ്ലിം യുവതിക്ക് ചുറ്റുമാണ് ടേക്ക് ഓഫ് കറങ്ങുന്നത്. മതത്തിന്റെയും സാമൂഹിക ചുറ്റുപാടുകളുടെയും അതിര്‍വരമ്പുകള്‍ ജീവിതത്തില്‍ വലിയ പ്രതിസന്ധി തീര്‍ത്തപ്പോള്‍ അതിനു മുന്നില്‍ ഒറ്റപ്പെട്ടു പോയ പെണ്ണായി പാര്‍വതിയിലൂടെ സമീറ പ്രേക്ഷക ഹൃദയങ്ങളില്‍ വിങ്ങലായി. കാലത്തിനും ഭാഷയ്ക്കും അപ്പുറം സമീറ എന്ന കഥാപാത്രം ജീവിക്കണമെങ്കില്‍ അത് അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെ എത്തണമെന്ന് സംവിധായകന്‍ മഹേഷ് നാരായണനും അറിയാമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here