പ്രാദേശിക സിനിമകൾ ഇന്ത്യ കീഴടക്കി

ഇന്ന് പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിലെ സിംഹഭാഗവും കയ്യടക്കി പ്രാദേശിക ഭാഷാ ചിത്രങ്ങൾ ഇന്ത്യൻ സിനിമ കീഴടക്കി. മികച്ച നടൻ,  സംവിധായകൻ , മികച്ച ചിത്രം എന്നിവ ഉൾപ്പെടെ എല്ലാ അവാർഡുകളും പ്രാദേശിക ഭാഷ ചിത്രങ്ങൾക്ക് തന്നെ ലഭിച്ചു. മലയാളം , ആസ്സാമീസ്,   ബംഗാളി സിനിമകൾ മൂല്യമുള്ള പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയപ്പോൾ സാങ്കേതിക വിഭാഗത്തിലെ അവാർഡുകൾ ബാഹുബലിയുടെ തെലുങ്ക് ഭാഷയിൽ എത്തി. ടേക്ക് ഓഫ് , തൊണ്ടിമുതലും ദൃക്‌സാക്ഷിയും , ഭയാനകം , വില്ലേജ് റോക്ക് സ്റ്റാർ (അസ്സാമീസ് )  ,  നഗർകീർത്തൻ (ബംഗാളി )  തുടങ്ങിയ ചിത്രങ്ങൾ ഏറെ നേട്ടങ്ങൾ കൊയ്തു.

ഇടക്കാലത്ത് ദേശീയ പുരസ്‌കാരങ്ങൾ ബോളിവുഡ് കയ്യടക്കുന്ന പ്രവണത ഉണ്ടായിരുന്നു. അതിലൂടെ പ്രാദേശിക ഭാഷകളിലെ മികച്ച സിനിമകൾ ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെടുന്നതിനും തടസ്സങ്ങൾ ഉണ്ടായി. സംസ്ഥാന അവാർഡുകളിൽ പോലും കൂടുതൽ കച്ചവട സിനിമകൾക്ക് പുരസ്‌കാരങ്ങൾ നൽകുന്ന ശീലം ഇതുമൂലം ഉടലെടുത്തു. സംസ്ഥാനങ്ങളിലെ മികച്ച സിനിമകൾ ചലച്ചിത്ര മേളകളിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയും ഉണ്ടായി.

ശേഖർ കപൂർ ജൂറി ചെയർമാനായി എത്തുമ്പോൾ തിരിച്ചു വരുന്നത് അംഗീകാരത്തിന്റെ ആ പഴയ കാലമാണ്. അംഗീകാരം നൽകുന്നതിന് ഭാഷ തടസ്സമാകുന്നില്ല എന്ന സന്ദേശം പകർന്നു നൽകാൻ ശേഖർ കപൂറിന് കഴിഞ്ഞു. ബോളിവുഡ് സിനിമകൾ നിലവാരം പുലർത്തിയില്ല എന്ന് ആക്ഷേപിച്ച ശേഖർ കപൂർ പ്രാദേശിക ഭാഷ ചിത്രങ്ങൾ തന്നെ അത്ഭുതപ്പെടുത്തി എന്ന് എടുത്തു പറയാനും തയ്യാറായി.

മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അവലംബിത കഥ, മികച്ച ഗായകൻ, മികച്ച ഛായാഗ്രഹണം, മികച്ച സഹനടൻ, പ്രത്യേക ജൂറി പരാമർശം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നീ വിഭാഗങ്ങളിലാണ് മലയാളത്തിന് പുരസ്‌കാരങ്ങൾ ലഭിച്ചത്.

ബംഗാളി ചിത്രമായ നഗർ കീർത്തനാണ് മൂന്ന് പുരസ്‌കാരങ്ങളും ലഭിച്ചത്. മികച്ച നടൻ, സ്‌പെഷ്യൽ ജൂറി പുരസ്‌കാരം, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലാണ് നഗർ കീർത്തന് പുരസ്‌കാരങ്ങൾ ലഭിച്ചത്.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More