ഗാനഗന്ധര്‍വനെ തേടിയെത്തിയത് എട്ടാം ദേശീയ പുരസ്‌കാരം

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് എട്ടാം തവണയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ‘വിശ്വാസപൂര്‍വം മണ്‍സൂര്‍’ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് യേശുദാസ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായത്. വിശ്വാസപൂര്‍വം മണ്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയിമറഞ്ഞ കാലം…’എന്നാരംഭിക്കുന്ന ഗാനമാണ് ഗാനഗന്ധര്‍വനെ എട്ടാം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലൂടെയാണ് യേശുദാസിനെ തേടി ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തുന്നത്. തൊട്ടടുത്ത വര്‍ഷമായ 1973 ലും പുരസ്‌കാരം അദ്ദേഹത്തിന് തന്നെയായിരുന്നു. ‘ഗായത്രി’ എന്ന മലയാള സിനിമയില്‍ ആലപിച്ച ഗാനങ്ങളാണ് 1973ല്‍ യേശുദാസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ആദ്യ രണ്ട് തവണയും മലയാള ഗാനങ്ങള്‍ ആലപിച്ച് പുരസ്‌കാരം നേടിയ യേശുദാസ് മൂന്നാം തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത് ഹിന്ദിയിലൂടെയായിരുന്നു. 1976ല്‍ ‘ചിറ്റ്‌ചോര്‍’ എന്ന ഹിന്ദി ചിത്രമാണ് അവാര്‍ഡ് നേടികൊടുത്തത്. 1982ല്‍ തെലുങ്ക് ചിത്രമായ ‘മേഘസന്ദേശ’ത്തിലെ ഗാനങ്ങള്‍ ആലപിച്ച് നാലാം തവണയും യേശുദാസ് പുരസ്‌കാര നിറവിലെത്തി.
1987ല്‍ കമല്‍ ചിത്രമായ ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ ‘ഉണ്ണികളെ ഒരു കഥ പറയാം…’എന്നാരംഭിക്കുന്ന അനശ്വരമായ ഗാനത്തിലൂടെ യേശുദാസ് വീണ്ടും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. 1991ല്‍ മോഹന്‍ലാല്‍ ചിത്രമായ ‘ഭരത’ത്തിലെ ഗാനങ്ങള്‍ക്ക് യേശുദാസ് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. 1993 ല്‍ ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചാണ് യേശുദാസ് ഏഴാം തവണ ദേശീയ പുരസ്‌കാരം നേടിയത്.
പോയിമറഞ്ഞ കാലം…എന്ന ഗാനത്തിലൂടെ എട്ടാം തവണയും ഗാനഗന്ധര്‍വന്‍ ദേശീയ പുരസ്‌കാര നിറവില്‍ എത്തിയിരിക്കുകയാണ് ഈ വര്‍ഷം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here