“ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു…എന്റെ സഹോദരിയെ തിരിച്ചുകിട്ടാന്‍”; മാപ്പ് ചോദിച്ച് മലയാളികള്‍

കോവളത്ത് നിന്ന് കാണാതാകുകയും ശേഷം ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ലാത്വിയിന്‍ സ്വദേശി ലിഗയുടെ മരണം സഹോദരി ഇല്‍സെയെ സങ്കടത്തിലാഴ്ത്തി. സഹോദരിയുടെ മരണത്തെ കുറിച്ച് ഇല്‍സെ ഫേസ്ബുക്കില്‍ കുറിച്ചത് മലയാളികളെയും വേദനിപ്പിച്ചു.
‘ഏപ്രില്‍ 19ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നത് മുഴുവന്‍ തന്റെ സഹോദരിയെ തിരിച്ചുലഭിക്കണേ എന്നായിരുന്നു. കാരണം, അതിന് തൊട്ടടുത്ത ദിവസം തന്റെ ജന്മദിനമായിരുന്നു. സഹോദരിക്ക് വേണ്ടി ദൈവത്തോട് ഒരുപാട് പ്രാര്‍ത്ഥിച്ചു. പക്ഷേ, ജീവനില്ലാത്ത സഹോദരിയെയാണ് തനിക്ക് തിരിച്ചുകിട്ടയത്…’സഹോദരി എല്‍സെ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മാസത്തോളമായി കാണാതായ സഹോദരിയെ കുറിച്ച് കാര്യമായ അന്വേഷണം നടത്താന്‍ പോലീസിന് സാധിച്ചില്ലെന്നും സഹോദരിയെ അന്വേഷിക്കുന്നതില്‍ പലപ്പോഴും താന്‍ ഒറ്റപ്പെട്ടു പോയെന്നും മൃതദേഹം ലഭിക്കും മുന്‍പ് ഇല്‍സെ പറഞ്ഞിരുന്നു.
നിമിഷങ്ങള്‍ക്കകം ഇല്‍സെയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളുടെ ഹൃദയത്തില്‍ തൊട്ടു. ലിഗയ്‌ക്കൊപ്പം ചെറുപ്പത്തില്‍ ഇരിക്കുന്ന ഫോട്ടോ സഹിതമാണ് ഇല്‍സെ ഫേസ്ബുക്കില്‍ സഹോദരിയുടെ മരണവിവരത്തെ കുറിച്ച് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ വെച്ച് ഇത്രയും മോശമായ ഒരു അനുഭവം നിങ്ങള്‍ക്ക് നേരിടേണ്ടി വന്നതില്‍ ഞങ്ങള്‍ മലയാളികള്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് ഇല്‍സെയുടെ പോസ്റ്റിന് താഴെ വന്നത്.
“ഏപ്രിൽ 19ന് എന്റെ ഒരു ആഗ്രഹം നിറവേറ്റി തരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു…എന്റെ സഹോദരി എവിടെയാണെന്ന് എനിക്ക് കാണിച്ചുതരാൻ, അവളെ കണ്ടുപിടിക്കാൻ ഞങ്ങളെ സഹായിക്കാൻ…അവൾ എവിടെയെന്ന് അറിയാത്തത് സഹിക്കാൻ കഴിയുന്നില്ല…എന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 20 ന് ഉച്ചയ്ക്ക് രണ്ട് പേർ എന്റെ സഹോദരിയുടെ മൃതദേഹം കണ്ടെടുത്തു…ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്റെ സഹോദരിയുടെ ജീവതം…”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here