അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു; ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയന്‍

28-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢോജ്വല അബുദാബി പ്രദര്‍ശന നഗരിയില്‍ തുടക്കം. യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. 3500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുസ്തക നഗരി. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മേള.
830 സെമിനാറുകള്‍, ശില്‍ പശാലകള്‍, വിപുലമായ ഒരു സാംസ്‌കാരിക പരിപാടി, ലോകമെമ്പാടുമുള്ള രചയിതാക്കളും പ്രസിദ്ധീകരണ വിദഗ്ധരുമായി സംവാദം എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 63 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മെയ് ഒന്നിന് അവസാനിക്കും.
പുസ്തകോത്സവത്തില്‍ ഒരുക്കിയ ഇന്ത്യന്‍ പവലിയന്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പവലിയന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ മുന്‍നിര എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ഇന്ത്യന്‍ പവലിയനില്‍ ലഭ്യമാണ്.