23
Feb 2019
Saturday
Kuttanadu

അങ്കിൾ: സദാചാരം, ഒരു കണ്ണാടി കാഴ്ച്ച

സലിം മാലിക്ക്‌

2012 ൽ പുറത്തിറങ്ങി നിരൂപകർ പ്രശംസയാൽ മൂടിയ “ഷട്ടർ” എന്ന സിനിമ കഴിഞ്ഞ് 6 വർഷങ്ങൾക്ക് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന സിനിമയാണ് അങ്കിൾ. നവാഗതനായ ഗിരീഷ് ദാമോദറാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഷട്ടർ കണ്ട പ്രേക്ഷകർക്കാർക്കും ജോയ് മാത്യുവിന്റെ തിരക്കഥയിൽ സംശയമുണ്ടാവാനിടയില്ല. അതിനോടൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ റീലീസിന് മുന്നേയുള്ള ദിവസങ്ങളിൽ ജോയ് മാത്യു പ്രകടിപ്പിച്ച അപാരമായ കോൺഫിഡൻസും, ഏറെ കാലത്തിന് ശേഷം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി മമ്മൂട്ടി എത്തുന്നു എന്നുമുള്ളതായിരുന്നു പ്രൊമോഷൻ കോലഹലങ്ങളേതുമില്ലാതെ എത്തിയ “അങ്കിൾ” എന്ന ലോ ബഡ്ജറ്റ് സിനിമയെ ശ്രദ്ധേയമാക്കി മാറ്റിയത്.

 

ജോയ് മാത്യുവിന്റെ ആത്മവിശ്വാസം വെറുതേയായില്ല എന്നത് തന്നെയാണ് സിനിമ കഴിയുമ്പോൾ മനസിലാവുന്നത്. ഒറ്റപ്പെട്ട പ്രതിഷേധങ്ങളും എതിർ സ്വരങ്ങളും രൂപപ്പെട്ട് വരുമ്പോഴും സദാചാര പോലീസിംഗ് എന്ന കലാപരിപാടി നാട്ടിൽ വ്യാപകമാവുകയാണ്. ആ നിലയിൽ ഇങ്ങനെയൊരു സിനിമ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

കഥാപാത്ര ബാഹുല്യമുള്ള സിനിമയല്ല അങ്കിൾ. അവസാന രംഗങ്ങളിൽ കാണിക്കുന്ന ആൾകൂട്ടമൊഴിച്ചാൽ വിരലിലെണ്ണിത്തീർക്കാം അങ്കിളിലെ കഥാപാത്രങ്ങളെ.

ഊട്ടിയിലെ കോളേജിൽ പഠിക്കുന്ന ശ്രുതി വിജയൻ (കാർത്തിക മുരളീധരൻ) എന്ന കഥാപാത്രം വിദ്യാർത്ഥി സമരത്തെ തുടർന്ന് കോഴിക്കോട് സ്വന്തം നാട്ടിലേക്ക് തിരിക്കുമ്പോൾ അച്ഛന്റെ കൂട്ടുകാരനായ കെ.കെ എന്ന കൃഷ്ണകുമാറി (മമ്മൂട്ടി) നെ കണ്ടു മുട്ടുകയും പിന്നീട് അവർ ഒന്നിച്ച് നടത്തുന്ന യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കൂട്ടുകാർക്കിടയിൽ ക്ലീൻ ഇമേജുള്ള ആളല്ല കെ.കെ. സ്ത്രീ വിഷയങ്ങളിൽ അതീവ തല്പരനായ കെ.കെ യെ അസൂയയോടെയാണ് സുഹൃത്തുക്കൾ നോക്കി കാണുന്നത്. ശ്രുതിയുടെ അച്ഛനായ വിജയൻ എന്ന കഥാപാത്രത്തെ ജോയ് മാത്യുവും അമ്മയായി മുത്തുമണിയും വേഷമിടുന്നു. ഒറ്റ രാത്രി കൊണ്ട് തീരേണ്ടിയിരുന്ന യാത്ര ഒരു പകലും ഒരു രാത്രിയും പിന്നിട്ടിട്ടും അവസാനിക്കുന്നില്ല. കെ.കെ യുടെ പെൺ പ്രിയം അറിയാവുന്ന വിജയൻറെ അശാന്തമായ മനസും കെ.കെ യും ശ്രുതിയും ഒന്നിച്ചുള്ള ഡ്രൈവും ആദ്യ പകുതിയെ ത്രില്ലടിപ്പിച്ചു നിർത്തുന്നുണ്ട്. അപാരമായ ട്വിസ്റ്റുകളില്ലാതെ ലളിതമായൊരു സിനിമയെ ത്രില്ലിംഗാക്കി നിർത്താൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. രണ്ടാം പകുതി പിന്നിടുമ്പോൾ ഇടയ്ക്കെപ്പഴോ രസച്ചരട് മുറിയുന്നുണ്ടെങ്കിലും വേഗത്തിൽ ട്രാക്കിലേക്ക് തിരികെയെത്തുന്നുണ്ട് സിനിമ. മലയാളിയുടെ സദാചാര ബോധത്തിന്റെ നേരെ പിടിക്കുന്ന കണ്ണാടിയാണ് അങ്കിളിന്റെ ക്ലൈമാക്സ്.

മമ്മൂട്ടി നായകനോ വില്ലനോ എന്നതായിരുന്നു റീലീസിന് മുന്നേയുള്ള ചർച്ച. സിനിമ അവസാനിക്കുമ്പോഴും ആ ചർച്ചകൾ പ്രേക്ഷകന് തന്നെ തുടരാനുള്ള അവകാശം സംവിധായകൻ നൽകുന്നുണ്ട്. തുടർച്ചയായ അറുബോറൻ സിനിമകളിൽ നിന്നും അടിമുടി കാതലുള്ള സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ ഉയിർത്തെഴുന്നേൽപാണ് അങ്കിൾ. മമ്മൂട്ടി എന്ന താരത്തിനെ സിനിമ ഉപയോഗിച്ചിട്ടേ ഇല്ല. തിരക്കഥയാണ് അങ്കിളിന്റെ താരം. സമീപകാല മമ്മൂട്ടി ചിത്രങ്ങളിൽ പ്രത്യേകിച്ചും “സ്ട്രീറ്റ് ലൈറ്റ്സ്” പോലുള്ള സിനിമകളിൽ അനാവശ്യമായി പ്ലേസ് ചെയ്ത മമ്മൂട്ടി ഹീറോയിസം അസഹനീയമായിരുന്നു. എന്നാൽ അങ്കിളിലെവിടെയും മമ്മൂട്ടി സൂപ്പർ ഹീറോ സാഹസത്തിന് മുതിരുന്നില്ല എന്നത് ആശ്വാസമാണ്. മമ്മൂട്ടി എന്ന നടനെ വെല്ലുവിളിക്കാൻ പോന്ന കഥാപാത്രമല്ലെങ്കിലും സൗണ്ട് മോഡുലേഷനിലും അവസാന രംഗങ്ങളിലെ നിസഹായ അവസ്ഥയിലുമൊക്കെ ഗംഭീര പ്രകടനമായിരുന്നു മമ്മൂട്ടിയുടേത്. ജോയ് മാത്യുവിന്റെ കഥാപാത്രം ഒരു അച്ഛന്റെ ആകുലതകളത്രയും ഉൾക്കൊണ്ട് പെർഫോം ചെയ്തിട്ടുണ്ട്. ഉപസംഹാര ഭാഗങ്ങളിലെ പ്രകടനം മാത്രം മതി മുത്തുമണി അവതരിപ്പിച്ച അമ്മ കഥാപാത്രത്തിന്റെ റേഞ്ച് മനസിലാക്കാൻ.

 

ആണും പെണ്ണും ഒന്നിച്ചിരുന്നാൽ എന്താണ് കുഴപ്പം എന്ന് മനസിലാവുന്നില്ലെന്ന് സംശയം പ്രകടിപ്പിക്കുന്ന മുഖം പൊത്തി കൊണ്ട് പോകാൻ പറയുന്നവരുടെ മുന്നിലൂടെ തന്റെ മകളെ ധൈര്യമായി വിളിച്ചു കൊണ്ട് വരുന്ന, കൂവി വിളിച്ചു കൊണ്ട് ക്യാമറ ഓൺ ചെയ്ത് വച്ചിരിക്കുന്ന ഒരു കൂട്ടത്തിന് മുൻപിൽ മകളെ നിർത്തിയിട്ട് അഭിമാനത്തോടെ സംസാരിക്കുന്ന അമ്മയുടെ കഥ കൂടിയാണ് അങ്കിൾ. സമീപ കാല മമ്മൂട്ടി സിനിമകളെ അപേക്ഷിച്ച് ധൈര്യമായി പോയി കാണാവുന്ന സിനിമയാവുന്നുണ്ട് അങ്കിൾ.

Top