വ്യാജരേഖ ചമച്ച് വൻ ഭൂവായ്പ്പാ തട്ടിപ്പ്; റാക്കറ്റിൽ ബാങ്ക്, റവന്യൂ ഉദ്യോഗസ്ഥരും

ഉന്മേഷ് ശിവരാമൻ
ഇടുക്കി ജില്ലയില്‍ വന്‍ വായ്പ്പാതട്ടിപ്പ്. തൊടുപുഴ അറക്കുളത്ത് കര്‍ഷകന്റെ ഭൂമി, വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ പണയം വയ്ക്കുകയായിരുന്നു. അറക്കുളം സ്വദേശി കുളത്തിനാല്‍ ജോര്‍ജ്ജാണ് പരാതിക്കാരന്‍. മൂന്നേക്കറോളം ഭൂമി ഈടുനല്‍കി കാര്‍ഷിക വായ്പ്പയായി എണ്‍പത് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കാഞ്ഞാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തട്ടിപ്പ് ഇങ്ങനെ
കാഞ്ഞാര്‍ സ്വദേശി കെ ജെ ജോര്‍ജ്ജ് കൃഷിക്കാരനാണ്. മൂന്നാണും രണ്ടുപെണ്ണും ഉള്‍പ്പെടെ അഞ്ചു മക്കള്‍. പത്തേക്കര്‍ ഭൂമി സ്വന്തമായുണ്ടായിരുന്നു. നന്നായി അധ്വാനിച്ചാണ് കുട്ടികളെ വളര്‍ത്തിയത്. മക്കള്‍ മുതിര്‍ന്നപ്പോള്‍ ഓരോരുത്തര്‍ക്കായി ഭൂമി വീതംവച്ചു നല്‍കി. അവശേഷിച്ച മൂന്നേക്കര്‍ സ്ഥലം ഇക്കഴിഞ്ഞ മാര്‍ച്ച് 31-നാണ് മകന്‍ റോജിക്ക് ആധാരം ചെയ്തു നല്‍കിയത് (അറക്കുളം വില്ലേജ് ബ്ലോക്ക് നമ്പര്‍ 24, സര്‍വേ നമ്പര്‍ 114) .
തുടര്‍ന്ന് സ്ഥലം പോക്കുവരവു ചെയ്യാന്‍ കഴിഞ്ഞ ഏപ്രില്‍ 19 ന് അറക്കുളം വില്ലേജ് ഓഫീസില്‍ എത്തി. അതോടെയാണ് ഒരു വലിയ തട്ടിപ്പിന്റെ കഥ പുറത്തായത്. സ്ഥലത്തിന്റെ കൈവശാവകാശരേഖ മറ്റൊരാള്‍ വാങ്ങിയെന്നറിഞ്ഞ ജോര്‍ജ്ജ് ഞെട്ടി. അന്വേഷിച്ചപ്പോള്‍ ഒളമറ്റം സ്വദേശി ജോബ് പി ജേക്കബ് എന്നയാളാണ് കൈവശാവകാശരേഖ കൈപ്പറ്റിയത് എന്ന് വ്യക്തമായി. ജോര്‍ജ്ജിന് അയാളെ നേരിട്ട് പരിചയമില്ല. പ്രദേശത്തെ സമ്പന്നനായ ജോബ് സ്ഥലത്തെ പ്രമുഖനും രാഷ്ട്രീയ ബന്ധമുള്ള ആളുമാണ്.
ജോര്‍ജ്ജിന്റെ സ്ഥലത്തിന്റെ കരം അടച്ച രസീത് കൈവശപ്പെടുത്തിയാണ് ജോബ് തട്ടിപ്പ് നടത്തിയത്. ഒന്നും രണ്ടുമല്ല , എണ്‍പത് ലക്ഷം രൂപയാണ് വായ്പ്പയായി തരപ്പെടുത്തിയത്. തൊടുപുഴയിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു വായ്പ്പ. തുടര്‍ന്ന് മകനെ വിവരങ്ങള്‍ അറിയിച്ച ശേഷം കാഞ്ഞാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
ചതിച്ചത് അടുപ്പക്കാരന്‍
സബ്‌സിഡി നിരക്കില്‍ കശുമാവിന്‍തൈ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഭൂമിയുടെ കരമടച്ച രസീത് അടുപ്പക്കാരനായ സിജു ജോസഫ് വാങ്ങിക്കൊണ്ടു പോയിരുന്നുവെന്ന് ജോര്‍ജ്ജ് പറയുന്നു. ഈ രസീത് ജോബ് പി ജേക്കബിന് കൈമാറുകയായിരുന്നു. കരമടച്ച ഈ രസീത് വില്ലേജ് ഓഫീസില്‍ നല്‍കിയാണ് കൈവശാവകാശരേഖ സംഘടിപ്പിച്ചത്.
ഇതിനായി വില്ലേജ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ സഹായം ലഭിച്ചുവെന്നാണ് വ്യക്തമാകുന്നതെന്നും ജോര്‍ജ്ജ് ട്വന്റി ഫോറിനോട് പറഞ്ഞു. ഒരു തവണ വില്ലേജ് ഓഫീസര്‍ അപേക്ഷ നിരസിച്ചു.
വില്ലേജ് ഓഫീസര്‍ അവധിയില്‍ പോയ സമയത്ത് ചുമതലയുണ്ടായിരുന്ന ഈ വനിതാ ഉദ്യോഗസ്ഥയെ സ്വാധീനിച്ചാണ് പിന്നീട് കൈവശാവകാശരേഖ തരപ്പെടുത്തിയത്. ബാങ്ക് മാനേജര്‍ വേണ്ടത്ര അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ കള്ളി പുറത്തു വരുമായിരുന്നുവെന്നും ജോര്‍ജ്ജ് പറയുന്നു
അന്വേഷണവും ഫോണ്‍കോളുകളും
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാഞ്ഞാര്‍ എസ്‌ഐ പി എം ഷാജി ട്വന്റി ഫോറിനോട് പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഒളമറ്റം സ്വദേശി ജോബ് പി ജേക്കബാണ് ഒന്നാം പ്രതി. കരമടച്ച രസീത് ജോബിന് കൈമാറിയ സിജു ജോസഫ് രണ്ടാം പ്രതിയും അറക്കുളം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ജീജ കൃഷ്ണന്‍ മൂന്നാം പ്രതിയുമാണ്. തൊടുപുഴ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജറാണ് കേസിലെ നാലാം പ്രതി.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ പരാതികള്‍ പിന്‍വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായി ജോര്‍ജ്ജ് പറയുന്നു. ഈ വാര്‍ത്തയുമായി മാധ്യമങ്ങളെ സമീപിച്ചെങ്കിലും പലരും കണ്ടതായി നടിച്ചില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. ‘ പരാതി പിന്‍വലിക്കില്ല. വ്യാജരേഖ ചമച്ചവര്‍ ശിക്ഷിക്കപ്പെടണം. തട്ടിപ്പിന് കൂട്ടു നിന്നവര്‍ രക്ഷപ്പെടാന്‍ പാടില്ല. അതിനായി ഏതറ്റം വരെയും പോകും ‘, ജോര്‍ജ്ജ് ട്വന്റി ഫോറിനോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here