‘പ്രശ്‌നം വന്നപ്പോള്‍ ഒറ്റയ്ക്കാരുന്നു; സിനിമ സെറ്റില്‍ മാന്യമായി ജോലി ചെയ്യാന്‍ കഴിയണം; പരാതി നൽകാതിരുന്നത് സിനിമയുടെ ഭാവി ഓർത്ത്’; വിന്‍സി അലോഷ്യസ്

ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതില്‍ പ്രതികരിച്ച് നടി വിന്‍സി അലോഷ്യസ്. പ്രശ്‌നം തുടങ്ങിയപ്പോള്‍ താന്‍ ഒറ്റയ്ക്ക് ആയിരുന്നുവെന്നും പിന്നീട് സംഘടനകള്‍ വിളിച്ച് പിന്തുണ അറിയിച്ചെന്നും നടി ട്വന്റിഫോറിനോട് പറഞ്ഞു. പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പടുത്തുന്നുവെന്നും വിന്‍സി പറഞ്ഞു. പരാതി പുറത്തുവന്നതെങ്ങനെയെന്ന് അറിയില്ലെന്നും നടന്റെ പേരും സിനിമയുടെ പേരും പുറത്തുവിടരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതായും നടി പറഞ്ഞു.
സിനിമക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയാണ് സിനിമയുടെ ഐസിസിയോട് പരാതിയില്ലെന്ന് പറഞ്ഞിരുന്നത്. സിനിമയുടെ ഭാവി നോക്കണമായിരുന്നു. ഒരാള്‍ ചെയ്തതിന്റെ പേരില്‍ എല്ലാവരും അനുഭവിക്കേണ്ടതില്ല. തുടര്‍ന്നാണ് ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. എല്ലാ സംഘടനകളിലെയും അംഗങ്ങള്‍ വിളിച്ചു സംസാരിച്ചിരുന്നു. എല്ലാവരും പരാതി സത്യവും വ്യക്തവുമാണെന്നറിഞ്ഞപ്പോള്‍ പിന്തുണക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു.
സിനിമ സെറ്റില്‍ ലഹരി ഉപയോഗം ഉണ്ടാകരുതെന്നും പെരുമാറ്റം മാന്യവുമാകണമെന്നത് നിര്‍ബന്ധമാക്കണം. മാന്യമായി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്ന് വിന്‍സി പറയുന്നു. ഷൈന്‍ ടോം ചാക്കോക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.
അയാളെ ഓര്‍ത്തിട്ടല്ല തന്റെ ബുദ്ധിമുട്ട് സിനിമയെ ബാധിക്കുമെന്നതാണെന്ന് വിന്‍സി പറയുന്നു. അയാളെ മുന്നില്‍ കണ്ടല്ല താന്‍ നിലപാടെടുക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചാല്‍ വീണ്ടും പരിഗണിക്കണമെന്നാണ് തന്റെ നിലപാടെന്ന് വിന്‍സി പറയുന്നു. നടപടി ശക്തമായിരിക്കണമെന്നതാണ് തന്റെ ആവശ്യം. സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ചെത്തി മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കരുതെന്ന് വിന്‍സി പറയുന്നു. ഇനി ഇങ്ങനെ സംഭവിക്കരുതെന്നാണ് തന്റെ ആഗ്രഹം.
Read Also: സിനിമ സെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്
ഈ നടന്‍ ഒഴികെ സിനിമ സെറ്റില്‍ മറ്റുള്ളവരെല്ലാം മാന്യമായി പെരുമാറിയെന്നും വിന്‍സി പറഞ്ഞു. സംവിധായകന്‍ നടന് താക്കീത് നല്‍കിയിരുന്നു. സിനിമയുടെ ഐസിയുടെ അംഗം തന്നോട് സംസാരിക്കുകയും പരാതിയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നതായി വിന്‍സി പറഞ്ഞു. നടന്‍ ലഹരി ഉപയോഗിക്കുകയും ആളുകളോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് വിന്‍സി പറയുന്നു. ഈ പ്രശ്‌നങ്ങള്‍ മാറ്റിവന്നാല്‍ അവസരം നല്‍കണോ വേണ്ടയോ എന്ന് സംഘടനകള്‍ക്ക് തീരുമാനിക്കാം. കൂടെ നില്‍ക്കുന്ന സംഘടനകള്‍ക്ക് നന്ദിയെന്നും അവരെടുക്കുന്ന നിലപാടിനായി കാത്തിരിക്കുകയാണെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.
സിനിമ സെറ്റില്‍ പുകവലിക്ക് വരെ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് നല്ലതാകുമെന്ന് വിന്‍സ് പറഞ്ഞു. തനിക്ക് ഭയമില്ലെന്നും സിനിമ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഈ മേഖലയിൽ തുടരാൻ ആഗ്രഹമുണ്ടെ്. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമില്ല. അവസരം വരുന്നത് വരെ കാത്തിരിക്കുമെന്ന് വിൻസി അലോഷ്യസ് വ്യക്തമാക്കി.
Story Highlights : Vincy Aloshiou responds on complaint against Shine Tom Chacko
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here