Advertisement

എ ആര്‍ റഹ്മാന്‍; മാന്ത്രിക വിരലുകളിലെ സംഗീതം

May 6, 2018
Google News 3 minutes Read
rahman

ഷിഹാബുദീന്‍ കരീം

എ.ആര്‍ റഹ്മാന്‍; സപ്തസ്വരങ്ങള്‍ കൊണ്ട് സാഗരങ്ങള്‍ തീര്‍ത്ത സംഗീത മാന്ത്രികന്‍. ‘മൊസാര്‍ട്ട് ഓഫ് മദ്രാസ്’ എന്നും, ‘ഇസൈപുയല്‍’ എന്നും വിളിപ്പേരുള്ള ഇന്ത്യന്‍ സംഗീത സംവിധായകന്‍. 1992 ല്‍ മണിരത്‌നത്തിന്റെ റോജ എന്ന ചലച്ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോള്‍, നിലവില്‍ ഉണ്ടായിരുന്ന സാമ്പ്രദായിക സംഗീതത്തില്‍ നിന്നു അകലം പാലിച്ചു റഹ്മാന്‍. പോപ്പ് സംഗീതവും ഹിന്ദുസ്ഥാനിയും കര്‍ണ്ണാട്ടിക്കും സൂഫിയും ലോക സംഗീതവും റഹ്മാന്റെ താളവിരലുകള്‍ക്ക് ഒരുപോലെ വഴങ്ങി. റോജ എന്ന ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ മതി റഹ്മാന്‍ സംഗീതത്തിന്റെ കടലാഴം വ്യക്തമാകാന്‍. ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്ര പിന്നണി ഗാനങ്ങളില്‍ ഒന്നായി റോജയിലെ ഗാനത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. സംഗീത യാത്ര തുടങ്ങിയിട്ട് നീണ്ട 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്. 140 സിനിമകള്‍ക്ക് സംഗീതമൊരുക്കിയ റഹ്മാന്‍ 81 ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

വന്ദേമാതരം

1997 ഡിസംബര്‍ 9 ന് ആണ് ഭാരതിബാല സംവിധാനം ചെയ്ത ‘വന്ദേമാതരം’ എന്ന ആല്‍ബം റിലീസ് ചെയ്യുന്നത്. അതിലെ എല്ലാ പാട്ടുകള്‍ക്കും ഈണമിട്ടത് എ.ആര്‍ റഹ്മാനായിരുന്നു. സോണി മ്യൂസിക്ക് പുറത്തിറക്കിയ ഈ ആല്‍ബമാണ് ഇന്ത്യയില്‍ ഇതുവരെ ഏറ്റവുമധികം വിറ്റഴിഞ്ഞ മ്യൂസിക്ക് ആല്‍ബം. ആ റെക്കോര്‍ഡ് ഇതു വരെയും തകര്‍ന്നിട്ടില്ല . ഈ ആല്‍ബത്തിലെ ‘മാ തുജേസലാം’ എന്ന ടൈറ്റില്‍ സോംഗ് പാടി അഭിനയിച്ചിരിക്കുന്നതും എ.ആര്‍ റഹ്മാനാണ്. 2002 ല്‍ ബിബിസി വേള്‍ഡ് സര്‍വ്വീസ് നടത്തിയ രാജ്യാന്തര വോട്ടെടപ്പില്‍ ‘മാ തുജേസലാം’ എന്ന ഗാനമാണ് രണ്ടാം സ്ഥാനം നേടിയത്. 277 ഭാഷകളിലേക്ക് മൊഴി മാറ്റി ആലപിച്ച ഈ ഗാനത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചു. ഒറിജിനല്‍ ഗാനം ചിട്ടപ്പെടുത്തിയതിന് എ.ആര്‍ റഹ്മാനും ഇതേ ഗാനത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വന്ദേമാതരത്തിലൂടെ ഇന്ത്യന്‍ സംസ്‌ക്കാരത്തേയും ഇന്ത്യന്‍ ഭാഷകളേയും ലോക സംസ്‌കാരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിഞ്ഞു.

rahman

ഓസ്‌കാര്‍ പുരസ്‌കാരം

ലോക സംഗീതത്തെ ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ സന്നിവേശിപ്പിച്ച് സിനിമ പ്രേമികളേയും ആരാധകരേയും ഒരുപോലെ സംഗീത ലഹരിയില്‍ ആറാടിക്കാന്‍ കഴിഞ്ഞു എന്നതാണ് റഹ്മാന്‍ എന്ന സംഗീതസംവിധായകന്റെ മാജിക്. ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സംഗീത സംവിധായകരില്‍ ലെജന്റ് എന്ന വിശേഷണത്തിന് എന്ത്‌കൊണ്ടും അര്‍ഹനാണ് റഹ്മാന്‍. 2009ല്‍ സ്ലം ഡോഗ് മില്യണയര്‍ എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഓസ്‌കാര്‍ പുരസ്‌കാരവും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും റഹ്മാന് ലഭിച്ചു . ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച നിമിഷം. ഒന്നല്ല രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് അദ്ദേഹത്തോടൊപ്പം ഇന്ത്യയിലേക്ക് വിമാനം കയറിയത്.

rahman

ദേശീയ പുരസ്‌കാരം 2018

കാല്‍നൂറ്റാണ്ടിനിപ്പുറവും അള്ളാ റഖാ റഹ്മാന്‍ സംഗീതം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയാണ്. 2017ല്‍ പുറത്തിറങ്ങിയ ‘മോം’ എന്ന ചലച്ചിത്രത്തിലെ ബാക്ഗ്രൗണ്ട് സ്‌കോറിനും 2017ല്‍ തന്നെ പുറത്തിറങ്ങിയ കാട്ര് വെളിയിടെ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിനും കൂടി രണ്ട് നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കി റഹ്മാന്‍.

rahman
പുരസ്‌കാരങ്ങള്‍

26വര്‍ഷങ്ങളിലെ ഈ സംഗീത യാത്രയില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് എആര്‍ റഹ്മാനെ തേടിയെത്തിയിട്ടുള്ളത്. രണ്ട് ഓസ്‌കാര്‍ അവാര്‍ഡും രണ്ട് ഗ്രാമി അവാര്‍ഡും, ആറ് നാഷണല്‍ അവാര്‍ഡും ,ഇതിന് പുറമേ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

rahman

Tomorrow world music icon എന്നും The musical storm എന്നുമുള്ള വിശേഷണങ്ങള്‍ക്ക് അപ്പുറത്ത് മനുഷ്യ സ്‌നേഹിയായ നല്ലൊരു കലാകാരന്‍ ആണ് താനെന്ന് അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ‘ഓരോ പൂകഴും ഇരൈവന്ക്ക് ‘ എന്ന് ഓസ്‌കാര്‍ വേദിയില്‍ മുഴങ്ങിക്കേട്ട ആ ശബ്ദം , മെയ് 12ന് കൊച്ചിയില്‍ നാദവിസ്മയം തീര്‍ക്കും. മലയാളികളുടെ മനസില്‍ വര്‍ണ്ണ വസന്തങ്ങള്‍ വിരിയിച്ച ഫ്‌ളവേഴ്‌സ് ചാനല്‍ നടത്തുന്ന ‘എ ആര്‍ റഹ്മാന്‍ ഷോ’ യിലൂടെയാണ് ലൈവ് റഹ്മാന്‍ സംഗീതം കൊച്ചിയില്‍ എത്തുന്നത്. ആ സംഗീത ലഹരിക്കായി കൊച്ചി കാത്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here