Advertisement

ഇന്ത്യന്‍ ദേശീയതയും റഹ്മാന്‍ സംഗീതവും

May 7, 2018
Google News 4 minutes Read

ഉന്മേഷ്  ശിവരാമന്‍

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന് മൂന്നു ദിവസം മുന്‍പായിരുന്നു എ. ആര്‍ റഹ്മാന്റെ ‘വന്ദേമാതരം’ പുറത്തിറങ്ങിയത്. ‘ വരും തലമുറയ്ക്കായി ഞാനിത് സമര്‍പ്പിക്കുന്നു. ഇന്ത്യ കാത്തുസൂക്ഷിച്ച മാനവിക മൂല്യങ്ങളും നീതിബോധവും മനസ്സിലാക്കി വളരാന്‍ വന്ദേമാതരം അവരെ പ്രാപ്തരാക്കട്ടെ ‘. ആല്‍ബം പുറത്തിറക്കുന്നതിന് മുന്‍പായി റഹ്മാന്‍ പറഞ്ഞത് ഇങ്ങനെയാണ്.

വിസ്മയ സംഗീതം തീര്‍ക്കുമ്പോഴും അതിന്റെ സാമൂഹികത മറന്നില്ല റഹ്മാന്‍. രാജ്യത്തിന്റെ ദേശീയത ബഹുസ്വരമാണെന്ന് റഹ്മാന്‍ പറഞ്ഞത് ‘വന്ദേമാതര’ ത്തിലൂടെയാണ്. ദേശീയതയെ അടയാളപ്പെടുത്തിയ ഗാനങ്ങള്‍ക്ക് ഈണമിട്ടപ്പോഴൊക്കെ റഹ്മാന്റെ മാന്ത്രികത പകരം വെയ്ക്കാനില്ലാത്തതായി.

വന്ദേമാതരം ജനിക്കുന്നു

ബാല്യകാല സുഹൃത്ത് ഭരത്ബാലയെ യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് ‘വന്ദേമാതര’ (1997) ത്തിന്റെ പിറവിക്ക് കാരണമായത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു സംഗീതപ്രണാമം; അതായിരുന്നു ആലോചന. ഇന്ത്യന്‍ വിപണിയിലേക്ക് ഇറങ്ങാന്‍ സോണി മ്യൂസിക് തയ്യാറെടുക്കുന്ന കാലം. സോണി മ്യൂസിക് റഹ്മാനെ സമീപിച്ചു. റഹ്മാന്‍ തന്റെ മനസ്സിലുള്ള ആശയം അവതരിപ്പിച്ചു. വളരെ വേഗമാണ് ആല്‍ബത്തിനുള്ള കരാറായത്.

നാലു ആശയങ്ങളില്‍ കേന്ദ്രീകരിച്ചു വേണം ഗാനങ്ങള്‍ എന്നും തീരുമാനിച്ചു ; സ്വാതന്ത്ര്യം, സ്‌നേഹം, ഐക്യദാര്‍ഢ്യം, സമാധാനം എന്നിങ്ങനെ. ആല്‍ബത്തിനായി ഏത് അന്താരാഷ്ട്ര സംഗീതജ്ഞനെ വേണമെന്നായി സോണിയുടെ ചോദ്യം. റഹ്മാന്‍ തിരഞ്ഞെടുത്തത് പാക്കിസ്ഥാനിലെ സൂഫി ഗായകനായ നസ്‌റത് ഫത്തേ അലി ഖാനെയായിരുന്നു. അങ്ങനെ, ഒരു ‘സ്വാതന്ത്ര്യ ആല്‍ബ’ ത്തിനായി ഒരിക്കല്‍ ഒന്നായിരുന്നവര്‍ വീണ്ടും കൈകള്‍ ചേര്‍ത്തു. വന്ദേമാതരത്തിന്റെ ഇന്ത്യന്‍ പതിപ്പില്‍ ഏഴ് ഗാനങ്ങള്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്ര പതിപ്പില്‍ ഒന്‍പതും. ചുരുങ്ങിയ കാലം കൊണ്ട് വില്‍പ്പനയുടെ റെക്കോര്‍ഡുകള്‍ മറികടന്നു ‘വന്ദേമാതരം’.

അതുവരെ കേള്‍ക്കാത്ത താളത്തിലും വന്യതയിലും ‘വന്ദേമാതരം’ മുഴങ്ങി. രാജ്യസ്‌നേഹ ഗാനങ്ങളുടെ സാമ്പ്രദായികത തകര്‍ന്നുവീണു. വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. റഹ്മാന്‍ കുലുങ്ങാതെ നിന്നു. ഇന്ത്യയില്‍ ഇപ്പോഴും തകര്‍ന്നിട്ടില്ല, ‘വന്ദേമാതര’ ത്തിന്റെ റെക്കോര്‍ഡ്.

പ്രണയവും ദേശസ്‌നേഹവും

ഈണമിട്ട ആദ്യ ചിത്രം ‘റോജ’ (1992) . കശ്മീര്‍ തീവ്രവാദത്തിന്റെ ഭീകരമുഖത്തിനൊപ്പം പ്രണയധീരതയും വെളിവാകുമ്പോഴൊക്കെ റഹ്മാന്‍ സംഗീതത്തിന്റെ മാന്ത്രികത കാഴ്ചക്കാര്‍ അറിഞ്ഞു. ജാതി, മത ബോധത്തിനപ്പുറത്ത് രാജ്യം ഒറ്റക്കെട്ടെന്ന ഗാനം (തമിഴാ..തമിഴാ..) ഉയര്‍ന്നപ്പോള്‍ റഹ്മാന്‍ സംഗീതം അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.

‘ബോംബെ’ യിലൂടെ ( 1995) പ്രണയം എത്ര തീവ്രമാണെന്ന് റഹ്മാന്‍ സംഗീതം കാണിച്ചുതന്നു. ബാബ്‌റി സംഭവത്തെ പിന്‍പറ്റിയ പ്രമേയം മാനവികതയെ പ്രതിഷ്ഠിക്കുമ്പോള്‍ , കേന്ദ്രസ്ഥാനത്ത് റഹ്മാന്‍ സംഗീതമുണ്ടായിരുന്നു. ‘അപ്‌നാ സമീന്‍ യേ’ എന്ന ഗാനം അങ്ങനെ ഇന്ത്യന്‍ ദേശീയതയുടെ അടയാളമായി.

സ്വാതന്ത്ര്യസമര പോരാട്ടകഥ ഓര്‍മ്മിച്ച ‘ഇന്ത്യന്‍’ (1996) എന്ന ചിത്രത്തിനും സംഗീതം നല്‍കിയത് റഹ്മാനാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും കശ്മീരിലെയും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ചിത്രമായിരുന്നു ‘ദില്‍സേ’ (1998) . പ്രണയവും മരണവും ഒന്നാണെന്നു പറഞ്ഞ സിനിമ തീവ്രമായ അനുഭവമായത് റഹ്മാന്റെ മാന്ത്രിക സംഗീതം കൊണ്ടുകൂടിയായിരുന്നു. കൊളോണിയല്‍ ഇന്ത്യയുടെ കഥ പറഞ്ഞ ‘ലഗാനി’ ലെ ഗാനങ്ങള്‍ക്കും (2001) റഹ്മാനാണ് ഈണമിട്ടത്.

റഹ്മാന്‍ കൊച്ചിയില്‍

റഹ്മാന്‍ വരികയാണ്; `കൊച്ചിയിലേക്ക്. ഫ്ളവേഴ്‌സാണ് ആദ്യമായി ‘ എ ആര്‍ റഹ്മാന്‍ ഷോ ‘കേരളത്തില്‍ എത്തിക്കുന്നത്. മെയ് 12 ന് കൊച്ചിയിലെ എല്ലാ വഴികളും തൃപ്പൂണിത്തുറയ്ക്ക് സമീപം ഇരുമ്പനത്തേക്ക് ഒഴുകും . അവിടെ, വൈകിട്ട് 6.30 മുതല്‍ എ ആര്‍ റഹ്മാന്‍ സംഗീത വിസ്മയം തീര്‍ക്കും. കാത്തിരിക്കുകയാണ് കേരളം ; റഹ്മാന്‍ സംഗീതത്തിന്റെ മാന്ത്രികത നേരിട്ട് ആസ്വദിക്കാന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here