മിന്നിപൊലിയുന്നവർ
പിപി ജെയിംസ്
ഏറ്റവും കൂടുതൽ വിധവകൾ ജോലി ചെയ്യുന്ന സർക്കാർ വകുപ്പ് ഏതെന്നു ചോദിച്ചാൽ, ഉത്തരം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. വൈദ്യുതി വകുപ്പ് തന്നെ. കാരണമന്വേഷിച്ചാലോ, വൈദ്യുതി ആഘാതമേറ്റ് ഒരുപാട് ജീവനക്കാർ പിടഞ്ഞുമരിക്കുന്നതു തന്നെ. അവരുടെ ഭാര്യമാരാണ് വൈദ്യുതിവകുപ്പിലെ താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്കും. കുടുംബം നിലനിർത്താൻ നെട്ടോട്ടം ഓടുന്നവർ. വൈദ്യുതി വകുപ്പിലെ സുരക്ഷാവാരാചരണം ഇന്ന് സമാപിക്കുമ്പോൾ മനസ്സിൽ ഉയർന്നുവന്ന ചിന്തയാണ് ഇത്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിനിടയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണും ഷോക്കടിച്ചു മരിച്ചവരുമായ നിരവധി പേരുടെ ദുരന്തം നേരിൽ കാണേണ്ടിവന്നിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഏറെ വളർന്നിട്ടും നമ്മുടെ നാട്ടിൽ ഈ പ്രതിഭാസത്തിന് കാര്യമായ കുറവുണ്ടായിട്ടില്ല. അനാസ്ഥകൊണ്ടും കരുതൽ ഇല്ലായമകൊണ്ടും ദുരന്തംവിളിച്ചു വരുത്തുകയാണ്.
പതിനഞ്ചുവർഷം മുമ്പ് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ഒരു മലയാളി സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്ത സംഭവം ഓർക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സമ്മേളനം. വൈകുന്നേരമായപ്പോൾ പെട്ടെന്ന് വൈദ്യുതി വിളക്കുകൾ അണഞ്ഞു. ലിഫ്റ്റിൽ കയറി രക്ഷപ്പെടാൻ എല്ലാവരും തിടുക്കം കൂട്ടുന്നു. അഗ്നിബാധയാണെന്ന് പലരും പരസ്പരം സംസാരിക്കുന്നത് കേട്ടു. പക്ഷേ തീയൊന്നും കണ്ടില്ല. ഫയർ എഞ്ചിനുകൾ ചീറിപാഞ്ഞ് എത്തി.
അന്വേഷണത്തിലാണ് യാഥാർത്ഥ്യം ബോധ്യമായത്. ഏതോ വിരുതനായ മലയാളി എസി മുറിയിൽ മീൻ വറുത്തുനോക്കി. പുക സെൻസർ പിടിച്ചെടുത്തു. മുന്നറിയിപ്പ് ഓട്ടോമാറ്റിക്കായി വന്നതും ആദ്യം കട്ടായത് വൈദ്യുതി സംവിധാനമാണ്. ഫയർ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക്കായി അറിയിപ്പുംപോയി.
24 വർഷത്തിനുള്ളിൽ അവിടെ വൈദ്യുതി നിലയ്ക്കുന്നത് ഇതാദ്യമാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തി. അത്രയും കരുതലാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ വൈദ്യുത സുരക്ഷയ്ക്ക് നൽകുന്നത്. മനുഷ്യ ജീവന് അത്രയും വിലയുണ്ട് അവിടെ.
ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്കയും മാങ്ങയും പറിച്ച് അടുത്തകാലത്ത് അപകടത്തിൽപ്പെട്ടവർ നൂറിലേറെയാണ്. 11 കെവി വൈദ്യുതിലൈൻ പൊട്ടിവീണാൽ തൽസമയം വൈദ്യുതി കട്ടാവും. എന്നാൽ, ഈ സംവിധാനം താഴോട്ടില്ല. എത്ര ജീവനക്കാർ പൊലിഞ്ഞാലും അവരുടെ ജീവന്റെ വില ഹൃദയശൂന്യരായ അധികാരി വർഗത്തിന് മനസ്സിലാവുന്നില്ല. അല്ലെങ്കിൽ മനസിലായില്ലെന്നു നടിക്കുന്നു. കരാർ ജീവനക്കാർ മരിച്ചാൽ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരമോ പകരം ജോലിയോ ലഭിക്കുന്നില്ല.
കേരളം സമ്പൂർണ വൈദ്യുതീകരണത്തിൽ എത്തിയെന്ന് നാം അഭിമാനം കൊള്ളുമ്പോഴും ഇയാംപാറ്റ കണക്കെ കൊഴിഞ്ഞുവീഴുന്ന ജീവിതങ്ങൾ. ഉത്തരം കിട്ടാത്ത ചോദ്യം. ഇത്തവണയും എല്ലാം വാരാചരണത്തിൽ ഒതുങ്ങുമോ ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here