ജസ്‌നയെ തേടി അന്വേഷണസംഘം ബംഗളൂരുവില്‍

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്‌ന ബംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ബംഗളൂരുവിലെത്തി. മടിവാളയിലെ ആശ്വാസ് ഭവനിലെത്തിയാണ് ആദ്യത്തെ പരിശോധന. ആശ്വാസ് ഭവനിലെത്തിയ പോലീസ് സംഘം അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. തിരുവല്ല ഡിവൈഎസ്പി ഉൾപ്പെട്ട ആറംഗ സംഘമാണ് ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്.
പോലീസ് മാത്രമാണ് അദ്യഘട്ടത്തിൽ ബംഗളൂരുവിന് പോയത്. ഇവർ ഇവിടെയെത്തി കണ്ടത് ജെസ്നയെ തന്നെയാണെന്ന് ഉറപ്പിച്ചാൽ ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിക്കും. ഇതിന് തയാറായിരിക്കാൻ പോലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബംഗളൂരുവിലെ ആശ്രയ ഭവനിൽ ജസ്‌നയും സുഹൃത്തും എത്തിയതായി ആശ്രയ ഭവനിലെ ഗേറ്റ് കീപ്പർ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ആശ്രയ ഭവനിൽ എത്തുന്നതിന് മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ ജസ്‌നയും സുഹൃത്തും നിംഹാൻസിൽ ചികിത്സ തേടിയതായും സൂചനയുണ്ട്. ആന്റോ ആന്റണി എം പി ആശ്രയ ഭവനിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
ആശ്രയ ഭവനിലെ ഗേറ്റ് കീപ്പറായ ജോർജ് എന്നയാളെ ആന്റോ ആന്റണി എം പി ജെസ്‌നയുടെ ഫോട്ടോ കാണിച്ചപ്പോൾ ഈ യുവതി ഒരു സുഹൃത്തുമായി ആശ്രയഭവനിൽ എത്തിയതായി ഗേറ്റ് കീപ്പർ സ്ഥിരീകരിച്ചു.ഫോട്ടോയിൽ കണ്ട അതേ സ്‌കാർപ് തന്നെയാണ് ജസ്‌ന തലയിൽ കൂടി ഇട്ടിരുന്നതെന്നും ഗേറ്റ് കീപ്പർ തിരിച്ചറിഞ്ഞതായും ആന്റോ ആന്റണി എം പി അറിയിച്ചു.ആശ്രയഭവനിൽ താമസ സൗകര്യം ലഭ്യമാകുമോ എന്ന് ജെസ്‌ന തിരക്കിയിരുന്നു.ലഭ്യമല്ല എന്ന് മറുപടി ലഭിച്ചതിനെത്തുടർന്ന് തങ്കളുടെ വിവാഹം നടത്തിത്തരാൻ പറ്റുമോ എന്ന് ജസ്‌ന ചോദിച്ചു.ജസ്‌ന ചൊല്ലിയ പ്രാർത്ഥനാശകലങ്ങൾ സുഹൃത്തിന് ചൊല്ലാൻ സാധിച്ചില്ലെന്നും ഇക്കാരണത്താൽ ഇരുവരും ഒരേ മതത്തിൽ പെട്ടവരല്ല എന്നും മനസ്സിലായി. അതിനാല്‍, ഇരുവരെയും തിരിച്ച് വിടുകയായിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ബംഗളൂരുവിലെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here