Advertisement

ധ്യാനത്തിന് പോയവർ സഭയുടെ റാക്കറ്റിൽ; പെൺകുട്ടിയുടെ മൊഴിയിൽ ഉന്നതർക്കെതിരെ കേസ്

May 15, 2018
Google News 0 minutes Read

കൊച്ചി സ്വദേശികളായ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ മൊഴിയെ തുടർന്ന് ഒരു ക്രിസ്തീയ സഭയിലെ ചുമതലക്കാരടക്കം ഏതാനും പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ആണ് കുട്ടികളുടെ മൊഴിയിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ലൈംഗിക പീഡനം തടയൽ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഉന്നതരടക്കമുള്ളവരുടെ പേരുകൾ കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസ് പ്രാഥമിക നടപടി ആരംഭിച്ചിട്ടേയുള്ളു.

ഹേബിയസ് കോർപ്പസ് ഹർജി

ഭാര്യയേയും മക്കളേയും ഹാജരാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി കോടതിയെ സമീപിച്ചതോടെയാണ് ഗുരുതരമായ പ്രശ്നങ്ങളുടെ തുടക്കം. ഭർത്താവ് സമർപ്പിച്ച ഹർജിയിൽ ഭാര്യയെയും രണ്ടു മക്കളെയും പോലീസ് ഹാജരാക്കി. അതേസമയം ഹൈക്കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴാണ് പെൺകുട്ടികൾ പൊലീസിനു ഞെട്ടിക്കുന്ന മൊഴി നൽകിയത്. പൊലീസിന് നൽകിയ മൊഴിയും നേരിട്ട് ഹാജരാക്കിയരാക്കിയവരെയും വിലയിരുത്തി പെൺകുട്ടികളേയും മാതാവിനേയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു . പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി . പെൺകുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാനും മനശാസ്ത്രജ്ഞന്റെ സഹായം തേടാനും കോടതി നിർദേശിച്ചു . കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തിലെ വില്ലന്മാർ

കൊച്ചിയിലെ ഒരു കുടുംബം കോയമ്പത്തൂരിൽ ധ്യാനത്തിനു പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ധ്യാനത്തിനു ശേഷം പിതാവ് മടങ്ങിപ്പോന്നെങ്കിലും പെൺകുട്ടികളും മാതാവും മടങ്ങാൻ വിസമ്മതിച്ചു. അവർ എന്തോ ഭയക്കുന്നുവെന്ന് തിരിച്ചറിഞ്ഞ കൊച്ചി സ്വദേശിയായ ഗൃഹനാഥന്റെ പരാതിയും ഹേബിയസ് കോർപ്പസ് ഹർജിയും അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

സഭയുടെ നിയന്ത്രണത്തിലുള്ളനഗരത്തിലെ സ്കുളിലാണ് പെൺകുട്ടികൾ പഠിക്കുന്നത്. സ്കൂളിലെ ഒരാൾ തങ്ങളേയും മറ്റ് ചില കുട്ടികളേയും പീഡിപ്പിക്കുകയും വാഹനത്തിൽ കയറ്റി നഗരത്തിലെ രണ്ടിടങ്ങളിൽ കൊണ്ടു പോയെന്നും അവിടെ ഉന്നതർ അടക്കം പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടികളുടെ മൊഴി. ആശ്രമത്തിലെ ഒരു കന്യാസ്ത്രീയോടാണ് പെൺകുട്ടികൾ വിവരം ആദ്യം വെളിപ്പെടുത്തിയത്.

പെൺകുട്ടികൾക്ക് ഭയം മാറുന്നില്ല

കോടതി നിരീക്ഷണത്തിൽ ശക്തമായ സംരക്ഷണം ഉറപ്പാക്കിയിട്ടും പെൺകുട്ടികൾക്ക് ഭയം വിട്ടു മാറുന്നില്ല. ജീവനു ഭീഷണി ഉണ്ടന്നും ആശ്രമത്തിലേക്കു മടങ്ങണമെന്നുമാണ് മാതാവും പെൺകുട്ടികളും പറയുന്നത്. ഇവരെ ബ്ളാക് മെയിൽ ചെയ്യുന്ന തരത്തിലുള്ള റാക്കറ്റ് ആണ് പിന്നിൽ എന്നാണ് സൂചന. സഭയിലെ തന്നെ ചില ഉന്നത വ്യക്തികൾ ഇവരെ അപായപ്പെടുത്തുമെന്നും ഇവർ ഭയക്കുന്നു.

എന്നാൽ സഭയിയിൽ നിന്ന് പിരിഞ്ഞു പോയവരാണ് ധ്യാനകേന്ദ്രം നടത്തുന്നതെന്ന വാദമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ധ്യാനകേന്ദ്രത്തിന്റെ ചുമതലക്കാരിൽ ഒരാളും ഹൈക്കോടതിയിലെ ഹർജിയിൽ എതിർ കക്ഷിയാണ്.

( ഔദ്യോഗിക രേഖകൾ ലഭ്യമാക്കുന്നതിന് മുൻപ് കുറ്റം ആരോപിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായതിനാൽ വായനക്കാർ ദയവായി കാത്തിരിക്കുക)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here