മാതൃദിനത്തില്‍ എല്ലാവരേയും കരയിച്ച അമ്മയും മോളും ഇതാ…

മാതൃദിനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട, ഹൃദയത്തോട് ചേര്‍ത്ത ചിത്രമായിരുന്നു ഇത്. ജോലിയ്ക്കായി ഒരമ്മ സ്വന്തം കുഞ്ഞിനെ പിരിഞ്ഞ് പോകാനായി ട്രെയിനിന്റെ വാതിക്കല്‍ നില്‍ക്കുന്ന ചിത്രം!! കുനിഞ്ഞ് നിന്ന് തുടച്ച് കളഞ്ഞ ആ കണ്ണീരിലുണ്ടായിരുന്നു മാതൃത്വത്തിന്റെ എല്ലാ ഭാവങ്ങളും. അതെ, ഒരമ്മ കുഞ്ഞിനെ പിരിഞ്ഞ് പോകുന്നത് അത്രയും ഹൃദയം തകര്‍ന്നാണ്, ആ വേദന മുഴുവന്‍ ഫോട്ടോയില്‍ തുളുമ്പി നില്‍ക്കുന്നുണ്ട്.
ചിത്രത്തിലുള്ളത് തൃശ്ശൂര്‍ കൊരട്ടി സ്വദേശി മിന്നു എലിസബത്ത് ജോസും മകള്‍ ഇസ മറിയയുമാണ്. ഫോട്ടോയ്ക്ക് അല്‍പം പഴക്കം ഉണ്ട്. 2015ല്‍ എടുത്ത ചിത്രമായിരുന്നു അത്. മിന്നുവിന്റെ ഭര്‍ത്താവിന്റെ അനിയന്‍ ആല്‍ഫിന്‍ പോളാണ് ഈ ചിത്രം പകര്‍ത്തിയത്. മൂന്ന് വര്‍ഷം മുമ്പത്തെ ആ ചിത്രം ഈ മാതൃദിനത്തില്‍ ഒരു ഫെയ്സ് ബുക്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് വൈറലായത്. നഴ്സായ മിന്നു അന്ന് ഡല്‍ഹിയിലേക്ക് ജോലി തേടി പോകുകയായിരുന്നു. മിന്നു കുഞ്ഞിനെ പിരിയുമ്പോള്‍ മകള്‍ക്ക് പ്രായം അഞ്ച് മാസം!
ഡല്‍ഹി ദ്വാരകയിലെ നഴ്സായ മിന്നു പ്രസവത്തിനായാണ് നാട്ടിലെത്തിയത്. 2014ജൂലൈ 15നായിരുന്നു പ്രസവം. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. പുതിയ ജോലി കണ്ടെത്താനായി തിരിച്ച് ഡല്‍ഹിയിലേക്ക് പോകുമ്പോഴാണ് ആ ചിത്രം എടുത്തത്. താമസമോ, ജോലിയോ ഒന്നും ശരിയായിട്ടില്ല, അത്കൊണ്ടാണ് കുഞ്ഞിനെ ഒപ്പം കൂട്ടാഞ്ഞത്. മാത്രമല്ല ആ സമയത്ത് ഡല്‍ഹിയില്‍ വലിയ തണുപ്പാണ്. കുഞ്ഞിന് അത് ബുദ്ധിമുട്ടാകും, മിന്നു പറയുന്നു.
മോളെ പിരിഞ്ഞ് നാല് മാസം ഡല്‍ഹിയില്‍ നിന്നു. ജോലി കിട്ടിയതോടെ വീടെടുത്തതോടെ മെയ് മാസത്തില്‍ മോളെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ട് വന്നു. അഞ്ച് മാസം പിരിഞ്ഞിരുന്നെങ്കിലും എന്റെ മോള്‍ക്ക് എന്നെ കണ്ടപ്പോള്‍ തന്നെ ഓര്‍മ്മ വന്നു.ഒരു മാതൃദിനത്തിന്റെ പിന്നേറ്റാണ് അവള്‍ ഡല്‍ഹിയില്‍ എത്തിയത്. അമ്മ ഞങ്ങള്‍ക്ക് ഒരേ പോലുള്ള ഡ്രസ്സൊക്കെ തയ്ച്ച് വിട്ടിരുന്നു.
ഡല്‍ഹിയില്‍ എത്തിയ ശേഷം ആദ്യം ജോലി കിട്ടിയ ആശുപത്രിയില്‍ ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഭര്‍ത്താവ് ആന്‍സണ്‍ പോളും അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നു. പ്രസവത്തിന് മുമ്പ് ജോലിചെയ്ത ആശുപത്രിക്കാര്‍ തന്നെ കുഞ്ഞിന്റെ കാര്യം അറിഞ്ഞ് ജോലി സമയം അഡ്ജസ്റ്റ് ചെയ്ത് തരാം എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കുഞ്ഞ് വന്ന ആദ്യ നാള്‍ വലിയ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞിന് വേണ്ട് ഒരാള്‍ എപ്പോഴും രാവിലത്തെ ഡ്യൂട്ടി മാത്രം എടുത്തു, ഒരാള്‍ നൈറ്റും. മോള്‍ അടുത്തുണ്ടല്ലോ എന്നത് മാത്രമായിരുന്നു ഏക ആശ്വാസം. ഒരാളുടെ ഡ്യൂട്ടി സമയം കഴിയുമ്പോള്‍ ഞാനും ഭര്‍ത്താവും ആശുപത്രിയില്‍ വച്ച് വരെ കുഞ്ഞിനെ കൈമാറിയിട്ടുണ്ട്. ആശുപത്രി അധികൃതരും സഹകരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാന്‍ വൈകുമ്പോള്‍ റിസപ്ഷനിലും കാഷ്യാലിറ്റിയിലും വരെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. 2015ഡിസംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ നിന്ന് ജോലി മതിയാക്കി തൃശ്ശൂരിലേക്ക് പോന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മിന്നു. ഇസ മോള്‍ ഈ അധ്യയന വര്‍ഷം എല്‍കെജിയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഭര്‍ത്താവ് ആന്‍സണ്‍ പോള്‍ കുവൈത്ത് മിനിസ്ട്രിയില്‍ നഴ്സാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here