മൂര്‍ഖന്റെ കടിയേറ്റ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി

പാമ്പുകടിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മാനന്തവാടി ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ച മറുനാടന്‍ തൊഴിലാളി ആസാദ് അപകട നില തരണം ചെയ്തു. പരിമിതമായ സൗകര്യങ്ങള്‍ വച്ചാണ് ആശുപത്രി അധികൃതര്‍ രോഗിയെ രക്ഷപ്പെടുത്തിയത്. ശ്വാസം നിലച്ച് പോയ അവസ്ഥയിലാണ് ആസാദിനെ അശുപത്രിയില്‍ കൊണ്ട് വരുന്നത്. ബെഡില്ലാത്ത ഐസിയുവില്‍ ട്രോളിയില്‍ കിടത്തിയാണ് ഡോക്ടര്‍മാര്‍ ആസാദിനെ ചികിത്സിച്ചത്. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ട് പോകണമെന്നാണ് ആദ്യം തീരുമാനിച്ചത്.
അങ്ങനെ കൊണ്ട് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ഇതല്ലായിരിക്കും വിധി. കാരണം മൂന്ന് മണിക്കൂറെങ്കിലും വേണ്ടിവരുമായിരുന്നു കോഴിക്കോട് എത്തിക്കാന്‍. ആസാദിന്റെ അപ്പോഴത്തെ അവസ്ഥ വച്ച് അഞ്ച് മിനിട്ട് പോലും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ ആകാത്ത അവസ്ഥയും. തൊണ്ടയില്‍ ട്യൂബിട്ട് കൃത്രിമ ശ്വാസം നല്‍കിയാണ് ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിച്ചത്. പാമ്പുവിഷത്തിനെതിരെയുള്ള 22 വയല്‍ ആന്റിവെനമാണ് ആസാദിന്റെ ശരീരത്തില്‍ പ്രയോഗിച്ചത്. അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായ ആസാദ് കുറച്ച് ദിവസം കൂടി ചികിത്സയില്‍ തുടരേണ്ടതുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രി യുടെ ചരിത്രത്തിൽ ആദ്യമായാണ് മൂർഖൻ പാമ്പ് കടിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചു പോയ ഒരു രോഗിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ രക്ഷപെടുത്തുന്നത്.
mananthavadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here