കെവിന്റെ കൊലപാതകം; പ്രതികളായ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പങ്കാളികളായ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ കെവിന് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന തെന്മല ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നിയാസ്, മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനായ ഇഷാന് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഞായറാഴ്ച പുലർച്ചെ മാന്നാനത്തെ വീട്ടിൽ നിന്നാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് അനീഷിനെ സംഘം പത്തനാപുരത്ത് വച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം കെവിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ പുനലൂരിൽ നിന്നും പത്ത് കിലോമിറ്റർ അകലെ ചാലിയക്കര തോട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകൾ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. മൃതദേഹത്തിൽ മാരകമായ മുറിവുകൾ ദൃശ്യമാണ്. തലയിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ട്. ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
പെണ്‍കുട്ടിയുടെ സഹോദരൻ ഷാനു ഉൾപ്പടെ പത്തംഗ സംഘത്തെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ ഒരാൾ മാത്രമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് വച്ചല്ല യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കൊലയാളി സംഘം മൃതദേഹം തോട്ടിൽ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here