Advertisement

എത്ര കിട്ടിയാലും പഠിക്കാത്ത പൊലീസ്

May 28, 2018
Google News 2 minutes Read
kevin new

 

‘ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. പ്രതികളെ ഉടന്‍ പിടികൂടും. ‘ ഒരു വര്‍ഷത്തിനിടെ എത്രാമത്തെ തവണയാണ് കേരളത്തിലെ പൊലീസ് മേധാവി ഇങ്ങനെ പറയുന്നതെന്ന് ഓര്‍മ്മയുണ്ടോ ? അടുത്തിടെ , ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് ഇതേ ‘ഡയലോഗ് ‘ കേട്ടത്. ലോക്‌നാഥ് ബെഹ്‌റ ശാസ്ത്രീയ കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് ; തര്‍ക്കമില്ല. പക്ഷേ, അദ്ദേഹത്തിന്റെ പൊലീസുകാര്‍ പലരും , പലകാരണങ്ങള്‍ കൊണ്ടും തുടര്‍ച്ചയായി പരാജയപ്പെട്ടവരാകുന്നു’

കോട്ടയത്തെ കഥ ഇങ്ങനെ

പ്രണയവിവാഹം കഴിച്ചവരെ ‘നേര്‍വഴിക്ക്’ നയിക്കാനാണ് കോട്ടയത്ത് പൊലീസുകാര്‍ ശ്രമിച്ചതത്രേ. തന്റെ ഭര്‍ത്താവിനെ സ്വന്തം സഹോദരന്‍ തട്ടിക്കൊണ്ടു പോയെന്ന് പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയെ നിരുത്സാഹപ്പെടുത്താനും ശ്രമം നടന്നു. ഒടുവില്‍ ഇരുപത്തിയാറുകാരന്റെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസിന്റെ ‘ജാഗരൂകത’ സടകുടഞ്ഞ് എഴുന്നേറ്റു.

ഇക്കഴിഞ്ഞ 24-നാണ് കെവിനും നീനുവും രജിസ്റ്റര്‍ വിവാഹം ചെയ്തത്. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവിന്‍ വിദേശത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. കോട്ടയത്തെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് നീനു. വിവാഹം കഴിഞ്ഞ കാര്യം നീനുവാണ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കെവിനെയും നീനുവിനെയും വിളിച്ചുവരുത്തി. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കാണിച്ചെങ്കിലും നീനുവിനോട് വീട്ടുകാരുടെ കൂടെ പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചുവെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ നീനു എതിര്‍ത്തു. തുടര്‍ന്നാണ് നീനുവിനെ കെവിനൊപ്പം പോകാന്‍ അനുവദിച്ചത്. നീനു തിരിച്ച് കോട്ടയത്തെ ഹോസ്റ്റലിലേക്കും, കെവിന്‍ സുഹൃത്തായ അനീഷിന്റെ വീട്ടിലേക്കും പോയി.

NEENU

ഞായറാഴ്ച പുലര്‍ച്ചെ എത്തിയ ഒരു സംഘം അനീഷിന്റെ വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി. ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിന്നീട് പുനലൂരില്‍ വച്ച് മോചിപ്പിക്കപ്പെട്ട അനീഷ് പറഞ്ഞു. വിവരം അറിഞ്ഞ് നീനു തന്നെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ട് അന്വേഷിക്കാമെന്നാണ് ലഭിച്ച മറുപടി. പൊലീസ് കേസെടുത്തത് ഇന്നലെ വൈകിട്ടാണ്. ഗൂണ്ടാസംഘം എത്തിയ വണ്ടികളുടെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് അനാസ്ഥ കാണിച്ചു.

പൊലീസിന്റെ വീഴ്ചകള്‍

1. നീനുവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ മണിക്കൂറുകള്‍ വൈകി. ( കെവിന്റെ അച്ഛന്‍ രാവിലെ പരാതി നല്‍കിയിട്ട് കേസെടുത്തത് വൈകിട്ട് )

2. ഗുണ്ടകള്‍ വന്ന വണ്ടിയുടെ നമ്പര്‍ അറിയിച്ചിട്ടും മുഖവിലയ്‌ക്കെടുത്തില്ല. ( മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ അറിയിച്ചാല്‍ വണ്ടി കസ്റ്റഡിയില്‍ എടുക്കാമായിരുന്നു )

3. പ്രണയവിവാഹം ചെയ്ത നീനുവിനെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയയ്ക്കാന്‍ പൊലീസ് ശ്രമിച്ചു. (നിയമപരമായി വിവാഹം ചെയ്തവരെ ഉപദേശിക്കലല്ലോ പൊലീസിന്റെ പണി )

4.വിമര്‍ശനം ഏറ്റുവാങ്ങിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് ജാഗ്രത്തായ സമീപനം ഉണ്ടായില്ല.

5 . പ്രതികളെ ഉടന്‍ പിടികൂടുക മാത്രമല്ല പൊലീസിന്റെ പണി. തടയാന്‍ കഴിയുന്ന കുറ്റകൃത്യങ്ങള്‍ തടയുക കൂടിയാണെന്നത് മറന്നു.

KEVIN

മുഖംരക്ഷിക്കാന്‍ സസ്‌പെന്‍ഷന്‍

നീനുവിന്റെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിന് ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറയുന്നു. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തുപേരെ പ്രതികളാക്കിയിട്ടുണ്ട്.

കുറിപ്പ് : കേരളത്തിലെ പൊലീസിനിപ്പോള്‍ കണ്ടകശ്ശനിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കേണ്ട. ഇതെല്ലാം പൊലീസ് വരുത്തുന്ന വീഴ്ചകളാണ്. എത്ര കിട്ടിയാലും പഠിക്കില്ല നമ്മുടെ പൊലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here