കെവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ പുനലൂര്‍ സ്വദേശി മനുവാണ് പിടിയിലായത്. ചെവ്വാഴ്ച രാവിലെ പുനലൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സ്ഥിരീകരിച്ചു. വാഹനം വാടകയ്ക്കെടുക്കാന്‍ സഹായിച്ച ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്നു വാഹനങ്ങളിലായാണ് കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ അക്രമി സംഘം എത്തിയത്. ഇതിൽ ഒരു വാഹനം ഓടിച്ചിരുന്നത് മനുവായിരുന്നു. ഷാനുവിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിനെ തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തി വരികയായിരുന്നു. കേസിൽ ഇതോടെ മുഖ്യ പ്രതികൾ ഉൾപ്പെടെ ആറു പേരാണ് അറസ്റ്റിലായിരിക്കുന്നത്. മുഖ്യപ്രതിയായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും ഇന്ന് പോലീസിൽ കീഴടങ്ങിയിരുന്നു. കണ്ണൂരിലെ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. കേസില്‍ ആകെ 14 പ്രതികളാണ് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here