18
Mar 2019
Monday
100 News

നിപ വൈറസ്; രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

nipah virus

നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, മലപ്പുറം ഭാഗത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേന്ദ്ര ആരോഗ്യ സംഘമായ എന്‍.സി.ഡി.സി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധര്‍ ഇപ്പോഴും സ്ഥിതിഗതികള്‍ വിലയിരുത്തി വശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതോടൊപ്പം മണിപ്പാല്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടമാരുടെ സംഘവുമുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കോഴിക്കോട് തങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിച്ചു വരുന്നു.

നേരത്തെ നിപ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആള്‍ക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ നിപ പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിപയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിപ വൈറസ് പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ നിപ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവരെ സൂക്ഷ്മമായി നിരീക്ഷിക്കാനായി നിപ രോഗിയുമായി ഇടപഴകിയവരുടെ വിവരം അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടത്തെ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ അവരുടെ ആരോഗ്യ വിവരം ചോദിച്ചറിയുകയും ആവശ്യമെങ്കില്‍ ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യും. എന്തെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ അവര്‍ക്ക് ആശുപത്രിയിലെത്താനുള്ള ആംബുലന്‍സ് സൗകര്യവും ഒരുക്കിക്കൊടുക്കുന്നതാണ്.

നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കായി 80 ലേറെ മുറികള്‍ സജ്ജമാക്കി. ഇതോടൊപ്പം ഐ.സി.യു. വെന്റിലേറ്റര്‍ സൗകര്യം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട സൗകര്യവും ഒരുക്കി. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ പ്രതിരോധ ഉപകരണങ്ങള്‍ക്കായി പ്രത്യേക സംഘത്തെ സജ്ജമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട നടപടികള്‍ അപ്പപ്പോള്‍ സ്വീകരിക്കാന്‍ വിവിധ തലങ്ങളില്‍ ഉന്നതതല യോഗവും കൂടിവരുന്നു.

-വെള്ളിയാഴ്ച നടത്തിയ പ്രവര്‍ത്തനങ്ങള്‍

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന യോഗത്തില്‍ ബാലുശേരി, കോട്ടൂര്‍, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

കളക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടത്തി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.

വിവിധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. 50 ഓളം റെയില്‍വേ ജീവനക്കാര്‍ പങ്കെടുത്തു.

എല്ലാ ദിവസവും 6 മണിക്ക് ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം നടത്തി വരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍, വെറ്റിനറി ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ പങ്കെടുക്കുന്നു. ചില ദിവസങ്ങള്‍ മന്ത്രിമാരും പങ്കെടുക്കും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് അന്നന്നത്തെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ജൂണ്‍ മാസം നടത്താനിരുന്ന എല്ലാ മീറ്റിംഗുകളും ഇനി ഒരറിയിപ്പ് വരുന്നതുവരെ മാറ്റി വച്ചു.

ഇതോടൊപ്പം ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി. കോഴിക്കോടിനെ 2 സോണായും 16 ഹെല്‍ത്ത് ബ്ലോക്കായും തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഡീഷണല്‍ ഡിഎംഒ, ആര്‍സിഎച്ച് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ ബ്ലോക്കുകള്‍ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. എന്‍സിഡിസി സംഘം കഴിഞ്ഞ ദിവസം കാരിശേരി പ്രദേശം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ബോധവത്കരണം വലിയൊരു ഘടകമായതിനാല്‍ കോഴിക്കോട്ടെ വിവിധ എഫ്.എം. റേഡിയോ പ്രതിനിധികളുടെ യോഗം വിളിച്ച് അവരുടെ സഹകരണം തേടിയിട്ടുണ്ട്. കോഴിക്കോട് സ്റ്റാന്റിലെ 100 ഓട്ടോകളില്‍ ചെറിയ എല്‍സിഡി മോണിറ്റര്‍ ഘടിപ്പിച്ചും അവബോധ വീഡിയോ പ്രചരിപ്പിച്ചുവരുന്നു. നിപ്പ ബോധവത്ക്കരണത്തിനായി രണ്ടര ലക്ഷത്തോളം ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Top