മുൻ ഡി ജി പിയും ക്രിമിനൽ അഭിഭാഷകനുമായ പി ജി തമ്പി അന്തരിച്ചു

മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വക്കേറ്റ് പി ജി തമ്പി (80) അന്തരിച്ചു. പ്രഗത്ഭ ക്രിമിനൽ അഭിഭാഷകൻ ആയിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 9 മണിയോടെ ആലപ്പുഴയിൽ മകൻ അഡ്വക്കേറ്റ് പ്രിയദർശൻ തമ്പിയുടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇടതു സഹയാത്രികനായിരുന്ന പി ജി തമ്പി സി പി എമ്മിന്റെ സജീവ സാന്നിധ്യമായിരുന്നു. ആലപ്പുഴയിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട്. നിരവധി നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽ വായനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു പി ജി തമ്പി.
പ്രശസ്ത ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി ഇളയ സഹോദരനാണ്. പ്രശസ്ത സാഹിത്യകാരനും , ചലച്ചിത്ര രചയിതാവുമായ അന്തരിച്ച പി വി തമ്പി മറ്റൊരു സഹോദരനാണ്.
ഹരികൃഷ്ണൻ തമ്പി, അഡ്വക്കേറ്റ് പ്രിയദർശൻ തമ്പി, ഡോ. മഹേഷ് തമ്പി എന്നിവരാണ് മക്കൾ. മന്നത്ത് പത്മനാഭന്റെ ചെറുമകൾ പാർവതി പ്രിയദർശൻ തമ്പിയുടെ ഭാര്യയാണ്.
മറ്റു മരുമക്കൾ – പ്രിയ , സിതാര.
സഹോദരങ്ങൾ- പി വി തമ്പി, ശ്രീകുമാരൻ തമ്പി , പ്രസന്നവദനൻ തമ്പി , തുളസിഭായ് തങ്കച്ചി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here