മൂന്നിലേറെ കൈകാലുറകള്‍, ശ്വാസം എടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള N95മാസ്ക് നിപയോടൊപ്പം ഇറങ്ങി നില്‍ക്കുന്ന നഴ്സുമാരുടെ ജീവിതം

കേരളത്തിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും, പൊതു സമൂഹത്തിലും നിപ്പാ വൈറസിനെയും,സര്‍ക്കാര്‍ ഇടപെടലിനെയും കുറിച്ച് ഇടതടവില്ലാതെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, തിരശ്ശീലയ്ക്കു പിന്നില്‍ PPE എന്ന പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ ശരീരവുമായി ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍
N 95 മാസ്കും മൂന്നിലേറെ കൈകാലുറകളും ധരിച്ചു മൂടിക്കെട്ടിയ മുറിക്കുള്ളിലെ കടുത്തചൂടിലും നിന്ന് പോരാടുകയാണ് നഴ്സുമാര്‍. ഇവരിലൊരാളെയാണ് നിപ കൊണ്ട് പോയത്. ശേഷിച്ച ഒരാള്‍ അത്ഭുതം പോലെ നിപയുടെ കൈകളില്‍ നിന്ന് തിരിച്ച് വരുന്നത് ഇവരുടെ പ്രാര്‍ത്ഥനയുടെ മാത്രമല്ല, ജീവന്‍ പണയം വച്ച് നല്‍കുന്ന ശുശ്രൂഷയുടെ കൂടി ഫലമാണ്. നിപ ബാധിച്ച മരിച്ച ലിനിയ്ക്ക് പിന്നാലെ നിപ ബാധയേറ്റ നഴ്സ് അജന്യ സുഖം പ്രാപിക്കുന്നുവെന്ന് കാണിച്ച് റൂബി സജ്ന എന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിന്റെ ഫെയ്സ് ബുക്ക് വ്യാപകമായി ചര്‍ച്ചയാവുകയാണ്. അവസാന വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെ സേവനം ചെയ്യാനും മരിച്ച് വീഴാനും ഞങ്ങളുണ്ടാകുമെന്നാണ് റൂബി പറയുന്നത്. ഇത് ഒരു പോരാട്ടമാണ് ഞങ്ങള്‍ക്ക് ജീവിക്കാനല്ല പലരെയും ജീവിതത്തിലേക്ക് എത്തിക്കാനാണീ പോരാട്ടം എന്നും റൂബി പറയുന്നു. റൂബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഞങ്ങളുടെ അജന്യമോള്‍ ജീവിതത്തിലേയ്ക്ക്….
നിപ്പാരോഗം സ്ഥിരീകരിച്ചു ഞങ്ങളുടെ ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി അജന്യയുടെ രക്തപരിശോധനയില്‍ ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന്ന റിസള്‍ട്ടാണ് കാണപ്പെടുന്നത്….
ഞങ്ങളില്‍ നിന്നും സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയര്‍ന്ന സഹപ്രവര്‍ത്തക സിസ്റ്റര്‍ ലിനിയോടോപ്പമായിരുന്നു അജന്യമോളെ ചെസ്റ്റ് ഹോസ്പിറ്റലിലെ ഐ സി യു ൽ അഡ്മിറ്റ് ചെയ്തിരുന്നത്… ആത്മാര്‍ഥതയും, സ്നേഹവും വാരിവിതറിയ ആ കുഞ്ഞു ഹൃദയത്തെ കാര്‍ന്നു തിന്നുന്ന മയോകാര്‍ടൈറ്റ്സും, ഭാവിയിലേയ്ക്കുള്ള ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന നിഷ്കളങ്കമായ ആ കുഞ്ഞു തലച്ചോറില്‍ ചിതല്‍പുറ്റുപോലെ വ്യാപിച്ച എന്‍കഫലൈറ്റിസും, ശ്വാസനിശ്വാസങ്ങളെ വരിഞ്ഞു മുറുക്കുന്ന ARDS മായി അര്‍ദ്ധബോധാവസ്ഥയില്‍ ഞങ്ങളുടെ കൈകളിലേയ്ക്കെത്തിയ കുഞ്ഞനുജത്തി കഴിഞ്ഞ പത്തു ദിവസങ്ങളിലെ ആശങ്കയ്ക്ക് വിരാമം കുറിച്ച് അത്ഭുതകരമായി രക്ഷപ്പെടുന്നു എന്നറിഞ്ഞത് സമാനതകളില്ലാത്ത സന്തോഷമാണ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഓരോ നന്മമനസ്സിനും നല്‍കുന്നത്…
ഒരു പക്ഷേ ലോകത്ത് ആദ്യമായിരിക്കാം ഇത്തരം മാരകമായ അവസ്ഥയില്‍ നിന്നും ഒരു നിപ്പാരോഗി ജീവിതത്തിലേയ്ക്കുള്ള തിരിച്ചു വരവിനു തയ്യാറാകുന്നത്…. അഭിമാനം എന്ന വാക്കിന്‍റെ ആകെത്തുക എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സന്ദര്ഭമാണിത്… ഒപ്പം വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത സന്തോഷവും….
കേരളത്തിലെ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും, പൊതു സമൂഹത്തിലും നിപ്പാ വൈറസിനെയും,സര്‍ക്കാര്‍ ഇടപെടലിനെയും കുറിച്ച് ഇടതടവില്ലാതെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും, തിരശ്ശീലയ്ക്കു പിന്നില്‍ PPE എന്ന പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ ശരീരവുമായി ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള തരത്തില്‍
N 95 മാസ്കും മൂന്നിലേറെ കൈകാലുറകളും ധരിച്ചു മൂടിക്കെട്ടിയ മുറിക്കുള്ളിലെ കടുത്തചൂടിലും ആശങ്കകളടങ്ങാത്ത മനസ്സുമായി മുഴുവന്‍ സമയം രോഗിക്കൊപ്പം ചിലവിടുന്നത് നഴ്സിംഗ് സമൂഹമാണെന്നത് പലപ്പോഴും ചര്‍ച്ച ചെയ്യാതെ പോകുന്നു… അത്തരം ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന കേവല അംഗീകാരത്തെക്കാള്‍ പത്തരമാറ്റുണ്ട് അജന്യയുടെ തിരിച്ചു വരവിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും,ആത്മസംതൃപ്തിയും….ചികിത്സയിലിരുന്ന ലിനിസിസ്റ്റര്‍, ജാനകി, രാജന്‍, അഖില്‍ എന്നിവരുടെ മരണത്തിനും, മൃതശരീരം നീക്കം ചെയ്യുന്ന വേദനാജനകമായ കാഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ചപ്പോഴാണ് മനുഷ്യന്‍ എന്ന നാലക്ഷരത്തിനു ഈ ഭൂമിയില്‍ എന്ത് വിലയുണ്ടെന്ന് മനസ്സിലായത്… ഉറ്റവര്‍പോലും മടിയോടെ മാറി നിന്നപ്പോഴും ഉത്തരവാദിത്വത്തോടെ കര്‍ത്തവ്യം നിറവേറ്റിയ ഞങ്ങള്‍ക്കൊപ്പം നിന്ന ചെസ്റ്റ് ഹോസ്പിറ്റലിലെ ചേച്ചിമാരുടെ സേവനം വിലമതിക്കാനാകാത്തതാണ്…
പലരും ഭീതിയോടെ മാറി നിന്നപ്പോഴും അജന്യയിലെ ജീവന്‍റെ കണികയെ നിലനിര്‍ത്തുന്നതിന് ഉള്ളിലേയ്ക്ക് മരുന്നും, ജലാംശവും നല്‍കുന്നതിനായി മൂക്കിലെ ശ്രവങ്ങളിലൂടെ വമിക്കുന്ന വൈറസുകളെ വകഞ്ഞു മാറ്റി മടിയേതുമില്ലാതെ ആ കുഞ്ഞനുജത്തിയെ ചേര്‍ത്ത് പിടിച്ചു റയില്‍സ്ട്യൂബ് നിക്ഷേപിച്ച ഞങ്ങളുടെ സുനിത സിസ്റ്റര്‍ ലോകത്തിലെ തന്നെ നിപ്പ പരിചാരകര്‍ക്ക് മഹത്തായ മാതൃകയാണ്….
രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന ചിന്തയും , പറക്ക മുറ്റാത്ത മക്കളുടെയും കുടുംബത്തിന്‍റെയും ഓര്‍മ്മകളും മൂലം മരവിച്ച മനസ്സിന്‍റെ ഭാരം ഓരോ ദിവസവും താങ്ങാവുന്നതായിരുന്നില്ല.. ഒപ്പം നിന്ന് ധൈര്യം പകര്‍ന്നും, ആവശ്യമായ പിന്തുണ നല്‍കിയും, ഒരു വിളിപ്പാടകലെ നിന്ന് എന്നും ഞങ്ങളെ സഹായിച്ച KGNA കോഴിക്കോട് ജില്ലാ നേതൃത്വത്തോട് ഞങ്ങള്‍ക്കുള്ള കടപ്പാട് ചെറുതല്ല… നിപ്പ ബാധിതരില്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കുവാനുള്ള കൂട്ടായ പരിശ്രമമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ നടത്തിവന്നത്…
ഇതൊരു കൂട്ടായ്മയുടെ വിജയമാണ്…
ഞങ്ങളുടെ സൂപ്രണ്ട് രാജഗോപാല്‍സര്‍, സൂരജ്സര്‍, ആനന്തന്‍സര്‍ അടക്കമുള്ള മറ്റു ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഞങ്ങളും,നഴ്സിംഗ് ഇതര സ്റ്റാഫുകളും ചേര്‍ന്ന് നേടിയ തിളക്കമായ വിജയം.. അതിനെ പാര്‍ശ്വവല്‍ക്കരിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നത് അവജ്ഞ്ഞയോടെയല്ലാതെ കാണാന്‍ കഴിയില്ല…അജന്യയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ ചെസ്റ്റ്പഹോസ്പിറ്റലിന്‍റെ അഭിമാനങ്ങളായ ചില പേരുകള്‍ കൂടി പറയാതിരിക്കാനാകില്ല… ഞങ്ങളുടെ ബ്രദര്‍ അഭിലാഷ്, സിസ്റ്റര്‍ മോനിത, സിസ്റ്റര്‍ രഞ്ജിനി,സിസ്റ്റര്‍ ഷാന്‍ എന്നിവരുടെ തീക്ഷ്ണമായ സേവനങ്ങള്‍ക്കൊപ്പം ചെസ്റ്റ് ഹോസ്പിറ്റലിലെ നഴ്സിംഗ് സമൂഹത്തിന്‍റെ കൂട്ടായ പരിചരണവും,പ്രാര്‍ത്ഥനയുമാണ് അജന്യയെ ഞങ്ങള്‍ക്ക് തിരികെ ലഭിക്കാന്‍ സഹായകമായത്….
ഒപ്പം ഈ ദുരന്ത മുഖത്തേയ്ക്കു ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കോഴിക്കോട് ക്യാമ്പ് ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തി ഞങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്നു തരുന്ന കേരളത്തിന്‍റെ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ ഇടപെടല്‍ ഏറെ പ്രകീര്‍ത്തന വിധേയമാക്കേണ്ടതാണ്..ഏതൊരു മനുഷ്യനെയുംപോലെ സഹജമായ വികാരവിചാരങ്ങള്‍ മൂലം ഞങ്ങളില്‍ നിന്നുമുണ്ടാകുന്നതും, അടിച്ചേല്‍പ്പിക്കുന്നതുമായ ചെറിയ കൈപ്പിഴകള്‍പോലും പൊതു മാധ്യമത്തിലൂടെ അവതരിപ്പിച്ചു അവഹേളനത്തിന്‍റെ ചാട്ടവാറടികള്‍ സമ്മാനിക്കുന്ന മലയാളത്തിലെ മാധ്യമങ്ങള്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ധീരവും ഭീതിതവുമായ ഈ അവസ്ഥയെ തിരിച്ചറിയേണ്ടതുണ്ട്….
അജന്യയുടെ തിരിച്ചു വരവ് മനസ്സിന് നല്‍കുന്നത് ആഘോഷത്തിന്‍റെ ദിനരാത്രങ്ങളാണെങ്കിലും അനവധി രോഗികള്‍ ആശ്രയത്തിനായിക്കൊതിച്ചു ഞങ്ങളെയും കാത്തു കിടക്കുന്നുണ്ട്…
ഇനി അവരിലേയ്ക്ക്…..രോഗം നിയന്ത്രണവിധേയമായിട്ടില്ല… നിങ്ങളുടെ പ്രാര്‍ഥനയാണ് ഞങ്ങളുടെ കരുത്ത്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here