നിപ വൈറസിനെ സംസ്ഥാനം ജാഗ്രതയോടെ നേരിട്ടു; ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചു. നിപയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിരോധ നടപടികള്‍ അഭിനന്ദനാര്‍ഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ ബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും ആരോഗ്യവകുപ്പ് ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യവകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. അസാധാരണമായ ഒരു വൈറസാണ് സംസ്ഥാനത്തെ ബാധിച്ചതെന്നും അതിനെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ ബാധ മൂലം പല രാജ്യങ്ങളിലും ഉണ്ടായ മരണനിരക്കില്‍ നിന്നും ഏറെ താഴെയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞതും മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞതും മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്നും മുഖ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. അതേ സമയം നവമാധ്യമങ്ങളിലൂടെ നടന്ന കുപ്രചാരണങ്ങളെ തള്ളി കളയണമെന്നും അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മറ്റ് രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here