വീടുകളിലേക്ക് മടങ്ങും വഴി ആദിത്യനെയും വിദ്യാലക്ഷ്മിയെയും മരണം കവര്‍ന്നു

കൊച്ചിയിലെ മരടിലുണ്ടായ അപകടത്തിന്റെ നീറ്റലിലാണ് നാട്ടുകാര്‍. എട്ട് കുട്ടികളുമായി ഡേ കെയറില്‍ നിന്ന് പുറപ്പെട്ട ബസാണ് വഴിയരികിലെ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളില്‍ അഞ്ച് പേരെ സുരക്ഷിതരായി വീടുകളില്‍ ഇറക്കിയ ശേഷം മുന്‍പോട്ടെടുത്ത ബസാണ് അപകടത്തിലകപ്പെട്ടത്. ബസില്‍ ശേഷിച്ചിരുന്ന മൂന്ന് കുട്ടികളില്‍ രണ്ട് പേരും സ്‌കൂളിലെ ആയയും മരിച്ചു. ആദിത്യന്‍ (4), വിദ്യാലക്ഷമി (4) എന്നിവരാണ് അപകടത്തില്‍ മരിച്ച കുട്ടികള്‍. ബസിലുണ്ടായിരുന്ന ആയ ലത ഉണ്ണിയും മരിച്ചു. ശേഷിക്കുന്ന ഒരു കുട്ടിയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവറായ ബാബുവിന്റെ നില ഗുരുതരമായി തുടരുന്നു.
ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്‍റെ ബസാണ് കുളത്തിലേക്ക് മറിഞ്ഞത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറിൽ നിന്നും വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളിൽ എത്തിച്ച ശേഷം മൂന്ന് പേരെ കൂടി ഇറക്കാൻ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച വാഹനം റോഡിൽ നിന്നും തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു.
അപകടവിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ ഫയർഫോഴ്സും പോലീസും എത്തി. മറിഞ്ഞ വാഹനത്തിൽ നിന്നും കുട്ടികളെയും ആയയെയും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here