‘സുരക്ഷ-2018’ ബോധവല്‍ക്കരണ ക്യാമ്പെയ്ന് തുടക്കമായി

stray dog

തെരുവുനായ വന്ധ്യംകരണ പദ്ധതി ഊര്‍ജിതമാക്കാന്‍ സംസ്ഥാനതല ബോധവല്‍ക്കരണ ക്യാമ്പെയ്ന് തുടക്കം. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി കൂടുതല്‍ ഊര്‍ജിതവും ജനകീയവുമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പെയിനാണ് ‘സുരക്ഷ-2018’. ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പദ്ധതിയെ കുറിച്ച് അവബോധം നല്‍കുക, തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, യൂണിറ്റ് അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, കൂടുതല്‍ എ.ബി.സി യൂണിറ്റുകള്‍ ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ വിജയത്തിന് പൊതുജനങ്ങളുടെ കൂടി സഹകരണം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന് തുടക്കമിടുന്നത്. ജൂലൈ ആറു വരെയാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍.

ക്യാമ്പെയ്നോടനുബന്ധിച്ച് ‘തെരുവുനായ’ എന്ന വിഷയത്തില്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നതോടൊപ്പം ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വാര്‍ഡ്-ജില്ലാതല ശില്‍പശാലകളും സെമിനാറുകളും നടത്തും. കൂടാതെ നിലവിലെ എ.ബി.സി യൂണിറ്റുകള്‍ക്ക് ക്യാമ്പെയ്ന്‍ നടക്കുന്ന സമയത്ത് പരിശീലനം നല്‍കും. പുതിയ എ.ബി.സി യൂണിറ്റുകളും രൂപീകരിക്കും.

തെരുവുനായ നിയന്ത്രണത്തിന് ഏറ്റവും മികച്ച മാര്‍ഗം കുടുംബശ്രീ നടപ്പാക്കുന്ന അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയാണെന്ന് ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കുടുംബശ്രീയുടെ തെരുവുനായ നിയന്ത്രണ യൂണിറ്റുകള്‍ മുഖേന സംസ്ഥാനത്ത് ഇതുവരെ 16,000 ത്തോളം നായ്ക്കളെ വന്ധ്യംകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതു വലിയ നേട്ടമാണ്. അതത് പഞ്ചായത്തുകളുമായി ചേര്‍ന്ന് കുടുംബശ്രീ യൂണിറ്റുകള്‍ പദ്ധതി കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ശ്രമിക്കണം. ഇതിന് മൃഗസംരക്ഷണ വകുപ്പന്‍റെ എല്ലാ സഹകരണവും നല്‍കും. ഇതുവഴി അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കും. പാലിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ, കെപ്കോ, മൃഗസരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി വഴി കോഴിയിറച്ചിയുടെയും മുട്ടയുടെയും കാര്യത്തിലും സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ മുഖേന അയ്യായിരം പൗള്‍ട്രി യൂണിറ്റുകള്‍ കൂടി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബശ്രീ വഴി നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മികച്ച രീതിയിലാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിഷയാവതരണം നടത്തി. എ.ബി.സി.പദ്ധതി അംഗമായ പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്തു നിന്നുള്ള ബിന്ദു തങ്ങളുടെ വിജയാനുഭവങ്ങള്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി, വാര്‍ഡ് കൗണ്‍സിലര്‍ ബിനു.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ.നികേഷ് കിരണ്‍ സ്വാഗതവും എ.ബി.സി പ്രോഗ്രാം എക്സ്പേര്‍ട്ട് ഡോ.എല്‍.രവി കുമാര്‍ കൃതജ്ഞതയും പറഞ്ഞു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഡിസ്ട്രിക്ട് പ്രോജക്ട് മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

stray dog

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top