ഇറാൻ ടീമിന് ഇത്തവണ നൈക്കി ഷൂസുകൾ വിതരണം ചെയ്യില്ല

ഇറാനെതിരെയുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ആഗോള സാമ്പത്തിക ഉപരോധം വലച്ചത് ഫുട്‌ബോൾ കളിക്കാരെ. ലോകകപ്പിൽ ആദ്യ മത്സരത്തിന് മൂന്നു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് കാലിൽ അണിയാനുള്ള ബൂട്ട് നൽകില്ലെന്ന നൈക്കിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച നൈക്കി ഇതുസംബന്ധിച്ച് ഇറാനെ അറിയിച്ചിരുന്നു.
മൊറോക്കോക്കെതിരായ ആദ്യ മത്സരം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ ഇറാൻ താരങ്ങളുടെ ബൂട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. മൂന്നു വർഷം മുമ്പ് നടപ്പാക്കിയ ആണവ കരാറിൽ നിന്നു പിന്മാറാനും ഇറാനെതിരായ സാമ്പത്തിക ഉപരോധവും വിലക്കുകളും ശക്തിപ്പെടുത്താനും ട്രംപ് ഭരണകൂടം അടുത്ത കാലത്ത് കൈക്കൊണ്ട തീരുമാനമാണ് ഇറാനെ റഷ്യയിൽ വലയ്ക്കുന്നത്. യു.എസ് ഉപരോധം മൂലം, യു.എസ് കമ്പനി എന്ന നിലയ്ക്ക് ഇക്കുറി ഇറാൻ ദേശീയ ടീമംഗങ്ങൾക്ക് നൈക്കി ഷൂസുകൾ വിതരണം ചെയ്യാൻ പറ്റില്ല. നിയമപ്രകാരം കമ്പനി ഉപരോധം അനുസരിച്ചേ പറ്റൂവെന്നും നൈക്കി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2014 ലോകകപ്പിൽ ഉപരോധം നിലവിലുണ്ടായിരുന്നപ്പോഴും നൈക്കി ഷൂസുകൾ ടീമിനു ലഭിച്ചിരുന്നു. ഇതേക്കുറിച്ച് വിശദീകരണം തേടി ഇറാൻ ഫെഡറേഷൻ ഫിഫായ്ക്ക് കത്തയച്ചു. പ്രശ്‌നം പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, ഫിഫാ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here