സോഫിയയെ പ്രണയിച്ച് കാല്‍പന്തിനെ നെഞ്ചിലേറ്റിയ സുവാരസ്!!!
ലൂയി സുവാരസ് എന്ന പേര് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. 2014 ലോകകപ്പില്‍ ഉറുഗ്വായ് ടീമിനെ കണ്ണീരിലാഴ്ത്തിയ താരമാണ് സുവാരസ്. ഉറുഗ്വായ് ടീമിന് ലോകകപ്പില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളും കോര്‍ത്തിണക്കിയത് സുവാരസ് എന്ന താരത്തിന്റെ കളിമികവിലും. എന്നാല്‍, ഒടുക്കം അയാള്‍ തന്നെ ആ ടീമിന്റെ വില്ലനായി. ഇറ്റലി താരം ചെല്ലിനിയുടെ തോളില്‍ കടിച്ച സുവാരസിനെ വില്ലനായാണ് ആ ലോകകപ്പില്‍ എല്ലാവരും എല്ലാവരും ചിത്രീകരിച്ചത്. എന്നാല്‍, സുവാരസിനോടുള്ള പ്രിയം ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ കുറവ് വന്നിട്ടില്ല.
പന്തുമായി കുതിക്കുന്ന സുവാരസിന്റെ കാലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ആ കാലുകളില്‍ ഫുട്‌ബോളിന്റെ മാന്ത്രികത പറ്റിപിടിക്കാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു പ്രണയകഥയുണ്ട്. അങ്ങേയറ്റം ദാരിദ്ര്യം മാത്രമുള്ള ഒരു കുടുംബത്തില്‍ ഏഴ് മക്കളില്‍ ഒരുവനായാണ് സുവാരസ് പിറന്നത്. കുഞ്ഞുനാളില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ചുപോയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. അമ്മ സാന്‍ഡ്രയായിരുന്നു അന്ന് സുവാരസിന് എല്ലാം. മക്കളെ പോറ്റാന്‍ കഷ്ടപ്പെടുന്ന അമ്മയെ സുവാരസ് ഏറെ സ്‌നേഹിച്ചിരുന്നു. തെരുവില്‍ തൂപ്പുകാരനായും സുവാരസ് കുട്ടിക്കാലത്ത് ജോലി ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതലേ കാല്‍പന്തിനോട് ഏറെ പ്രിയമായിരുന്നു. സമയം ചെലവഴിക്കുന്ന കളി എന്നതിലപ്പുറം മറ്റൊരു ജീവനോപാധിയായി സുവാരസ് ഫുട്‌ബോളിനെ സ്വപ്‌നം പോലും കണ്ടിരുന്നില്ല.
തെരുവില്‍ പന്തും തട്ടി നടന്നിരുന്ന സുവാരസിന് 15-ാം വയസില്‍ ഒരു കൂട്ടുക്കാരിയെ ലഭിച്ചു. സോഫിയ ബള്‍ബി എന്ന കൂട്ടുക്കാരി സുവാരസിനെ മനസിലാക്കി. അയാളുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും ക്ഷമാപൂര്‍വ്വം തന്നിലേക്ക് സ്വീകരിച്ചു. സുവാരസിന്റെ കാല്‍പന്ത് ഭ്രമത്തെ സോഫിയ കാര്യമായെടുത്തു. ഫുട്‌ബോളിന്റെ പ്രധാന്യത്തെ കുറിച്ച് അവള്‍ അവനെ ഉദ്‌ബോധിപ്പിച്ചു. കാല്‍പന്തിന്റെ ലോകം ഏറെ വിശാലമാണെന്ന് അവള്‍ പല ആവര്‍ത്തി അവനെ ബോധ്യപ്പെടുത്തി. പതുക്കെ പതുക്കെ പ്രിയപ്പെട്ട കൂട്ടുക്കാരിയുടെ ഉപദേശങ്ങളിലേക്ക് സുവാരസ് തന്നെതന്നെ വിട്ടുകൊടുത്തു. അങ്ങനെ അയാള്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍പന്തുമായി അത്ഭുതം തീര്‍ത്തു.
കാല്‍പന്തിനെ ജീവശ്വാസമായി കൂടെകൂട്ടിയതിനൊപ്പം പ്രിയ കൂട്ടുക്കാരിയെ ജീവിതസഖിയായി ചേര്‍ത്തുപിടിച്ചു. സോഫിയ ഇന്നും സുവാരസിന്റെ മാര്‍ഗദര്‍ശിയാണെന്ന് ഫുട്‌ബോള്‍ ലോകവും മനസിലാക്കി. 2014 നെ മറക്കാനും 2018 നെ സ്വപ്‌നം കാണാനും സോഫിയ സുവാരസിനൊപ്പം റഷ്യയിലുമെത്തും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here