ഈ ഇരുപത്തിയൊന്നുകാരന് ഓരോ ഗോളും അമ്മയോടുള്ള ആദരവാണ്….!

gabriel jesus

2014 ജൂലൈ 7, ബ്രസീലിന്റെ ഗോൾ മുഖത്തേക്ക് തുടർച്ചയായി തീയുണ്ട പോലെ വന്ന് പതിച്ച ഏഴ് ഗോളുകൾ. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ജർമനി നൽകിയ ഷോക്കിൽ നിന്നും ബ്രസീൽ പൂർണമായും കര കയറിയിട്ടില്ല. പക്ഷേ, കഴിഞ്ഞ ലോകകപ്പിലെ ശരാശരി ടീമല്ല ഇത്തവണത്തെ ബ്രസീൽ.  2018 ലോകകപ്പിലേക്ക് ആദ്യം യോഗ്യത നേടിയ, ചാംപ്യന്മാരാവൻ ഏറ്റവും അധികം സാധ്യത കല്പിക്കപ്പെടുന്ന, തിരിച്ചടിയിൽ നിന്നും ഏറെ മുന്നോട്ട് പോയ ബ്രസീൽ.

കഴിഞ്ഞ തവണ സ്വന്തം മണ്ണിൽ നേരിട്ട തിരിച്ചടിക്ക് പകരമായി റഷ്യയിൽ നിന്നും കപ്പ് ഉയർത്താനെത്തുന്ന ബ്രസീലിന് ഇത്തവണ നെയ്മർ മാത്രമാവില്ല തുറുപ്പ് ചീട്ട്. നെയ്മറിനൊപ്പമോ അതിനേക്കാൾ മികച്ച നിലയിലോ പ്രകടനം നടത്താൻ സാധ്യത കല്പിക്കുന്ന ഇരുപത്തിയൊന്നുകാരൻ. ഗബ്രിയേൽ ഫെർണാണ്ടോ ജീസസ് എന്ന ഗബ്രിയേൽ ജീസസ്!!. ബ്രസീലിലെ സാവോ പോളോയിൽ ജനിച്ച് അവിടത്തെ തെരുവുകളിൽ ഫുട്ബോൾ കളിച്ച് വളർന്ന ഗബ്രിയേൽ ജീസസിനെ എതിരാളികൾ സൂക്ഷിച്ചേ തീരൂ. അസാമാന്യ വേഗവും താളവും ഡ്രിബ്ലിങ് മികവും ഉള്ള ജീസസ് നല്ലൊരു ഷൂട്ടറും കൂടിയാണ്.

 

ചെറുപ്പത്തിൽ തന്നെ ജീസസിനെ അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. അതിന് ശേഷം ജീസസിന്റെ എല്ലാം അമ്മയായിരുന്നു. ഏറെ കഷ്ടതകൾ സഹിച്ചാണ് ജീസസിനെ അവർ വളർത്തിയത്. അമ്മയും ജീസസും തമ്മിലുള്ള ആത്മ ബന്ധം അവന്റെ ശരീരത്തിലും തൊടുത്തു വിടുന്ന ഓരോ ഗോളിലും ദൃശ്യമാണ്. കയ്യിൽ അമ്മയുടെ ചിത്രം പച്ച കുത്തിയിട്ടുള്ള ജീസസിനെ ഓരോ കളിക്ക് മുൻപും അമ്മക്ക് ഫോൺ ചെയ്യും. കളിക്കളത്തിൽ എത്തിയാലും ജീസസിന് അമ്മയെ വിട്ടൊരു കളിയില്ല. അടിക്കുന്ന ഓരോ ഗോളും അമ്മക്ക് സമർപ്പിക്കുന്ന ജീസസിന്റെ ഗോൾ ആഘോഷം തന്നെ കൗതുകമാണ്. അമ്മക്ക് ഫോൺ ചെയ്യുന്ന മാതൃകയിൽ രണ്ട് കയ്യും ചെവിയോട് ചേർത്ത് പിടിച്ചാണ് കളിക്കളത്തിൽ എതിരാളികളെ ഫൗൾ ചെയ്യാൻ താല്പര്യം കാണിക്കാത്ത മാന്യനായ ജീസസ് ഗോൾ നേട്ടം ആഘോഷിക്കുന്നത്.

ഒന്‍പതാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ഗബ്രിയേല്‍ ജീസസ് എന്ന 21-കാരന്‍ ബ്രസീലിന്റെ രക്ഷകനായി അവതരിക്കുമോ എന്നാണ് ഇത്തവണ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്…

Loading...
Top