‘പോലീസുകാരുടെ അടിമപണി’; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

പോലീസിലെ ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ തന്റെ അധികാരത്തിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അടിമപണി ചെയ്യിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇവരുടെ വാഹനങ്ങളുടെ കണക്കും നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കും.
തിരുവനന്തപുരത്ത് ബറ്റാലിയന് എഡിജിപി സുധേഷ് കുമാറിന്റെ പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ എഡിജിപി വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന പോലീസുകാരെ കൊണ്ട് അടിമപണി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുന്നത്.
ഉന്നത ഉദ്യോഗസ്ഥർ പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here