എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയത്. കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എഡിജിപിയുടെ വീട്ടില്‍ അടിമപണി ചെയ്യിപ്പിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി രേഷ്മ പറഞ്ഞു.
അതേസമയം, എഡിജിപിയുടെ മകള്‍ സ്‌നിഗ്തക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഗവാസ്‌കറുടെ പരാതിയിലാണ് എഡിജിപിയുടെ മകള്‍ക്കെതിരെ കേസ് എടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരെയും കേസ് എടുത്തിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
രാവിലെ വ്യായാമത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കനകക്കുന്നില്‍ പോലീസ് വാഹനത്തില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് വിഷയം ആരംഭിക്കുന്നത്. വ്യായാമം കഴിഞ്ഞ് തിരികെ വരുന്ന വഴിയില്‍ വാഹനത്തിലിരുന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ത തന്നെ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് ഗവാസ്‌കര്‍ ആരോപിച്ചത്. തുടര്‍ച്ചയായി ചീത്തവിളിച്ചതോടെ വാഹനം വഴിയില്‍ നിറുത്തുകയും വാഹനം മുന്നോട്ട് എടുക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍, ഇതേ തുടര്‍ന്ന് എഡിജിപിയുടെ മകള്‍ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്റെ കഴുത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here