ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ഒരു ‘മെക്‌സിക്കന്‍’ അപാരത (1-0)
നിലവിലെ ഫിഫ ചാമ്പ്യന്‍മാരെ അട്ടിമറിച്ച് ഒരു മെക്‌സിക്കന്‍ അപാരത. ഗ്രൂപ്പ് എഫിലെ ജര്‍മനി – മെക്‌സിക്കോ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മെക്‌സിക്കോ വിജയിച്ചു. നിലവിലെ ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ മികച്ച പോരാട്ടത്തിനൊടുവിലാണ് മെക്‌സിക്കോ അട്ടിമറിച്ചത്. മത്സരത്തിന്റെ 35-ാം മിനിറ്റില്‍ മെക്‌സിക്കോ താരം ഹിര്‍വിങ് ലൊസാനോയാണ് വിജയഗോള്‍ സ്വന്തമാക്കിയത്.
കളിയുടെ ആരംഭം മുതലേ കൃത്യതയാര്‍ന്ന പാസുകളിലൂടെ ജര്‍മന്‍ ഗോള്‍മുഖത്തേക്ക് ഓടിയെത്തുകയായിരുന്നു മെക്‌സിക്കോ ചെയ്തിരുന്നത്. നിലവിലെ ചാമ്പ്യന്‍മാരെ നേരിടുന്നതിന്റെ സമ്മര്‍ദ്ദമില്ലാതെ പന്ത് തട്ടാന്‍ കഴിഞ്ഞതാണ് മെക്‌സിക്കോയുടെ വിജയജാതകം കുറിച്ചത്. ഇരു ടീമുകളും മികച്ച പോരാട്ടം നടത്തുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. ഗോള്‍ സാധ്യതകള്‍ ഇരു ടീമുകള്‍ക്കും ഒരുപോലെ ലഭിച്ചു. ഗോള്‍ സാധ്യതകള്‍ വര്‍ധിച്ചതോടെ ഇരു ടീമുകളും പ്രതിരോധം ശക്തിപ്പെടുത്തി. കൗണ്ടര്‍ അറ്റാക്കുകളായിരുന്നു മെക്‌സിക്കോയുടെ ആയുധം. പാഴായി പോകുന്ന ജര്‍മനിയുടെ ഓരോ അവസരങ്ങളും മെക്‌സിക്കോ നന്നായി വിനിയോഗിച്ചു. ഒടുവില്‍, കളിയുടെ 35-ാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധത്തെ പൊളിച്ച് മുന്നേറിയ മെക്‌സിക്കോ താരം ഹിര്‍വിങ് ലൊസാനോ ഗോള്‍ നേടി.
ആദ്യ ഗോളിന്റെ സമ്മര്‍ദ്ദത്തിലാണ് ജര്‍മനി രണ്ടാം പകുതിയിലേക്കെത്തിയത്. ജര്‍മന്‍ കോച്ച് ജോക്കിം ലോയുടെ മുഖത്തും ആ സമ്മര്‍ദ്ദം പ്രകടമായിരുന്നു. എന്നാല്‍, ആദ്യ പകുതിയില്‍ ലഭിച്ച ഗോള്‍ ആനുകൂല്യം മെക്‌സിക്കോയെ കൂടുതല്‍ ശക്തരാക്കി. ഒരു ഗോളിലൂടെ സമനില പിടിച്ച് സമ്മര്‍ദ്ദം കുറക്കുകയെന്ന ലക്ഷ്യത്തോടെ ജര്‍മനി മുന്നേറ്റനിര ശക്തിപ്പെടുത്തി. മെക്‌സിക്കോയുടെ ഗോള്‍മുഖത്തേക്ക് ആക്രമിച്ച് കയറിയ ജര്‍മനി രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഭാഗ്യം ജര്‍മനിയെ തുണച്ചില്ല. ജര്‍മന്‍ താരങ്ങളായ ക്രൂസ്, ഓസില്‍, വെര്‍ണര്‍ തുടങ്ങിയവര്‍ അടിക്കടി ഗോള്‍ അവസരങ്ങള്‍ സൃഷിടിച്ചു. എന്നാല്‍, ഒരു അവസരം പോലും ലക്ഷ്യത്തിലെത്താന്‍ അനുവദിക്കാതെ മെക്‌സിക്കോ ‘കട്ട’ പ്രതിരോധം തീര്‍ക്കുകയായിരുന്നു ലുഷ്‌നിക്കി മൈതാനത്ത്.
ജര്‍മനി പാഴാക്കുന്ന അവസരങ്ങള്‍ മുതലെടുത്തത് മെക്‌സിക്കോയായിരുന്നു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടയിലും ആദ്യ പകുതിയില്‍ പുറത്തെടുത്ത കൗണ്ടര്‍ അറ്റാക്കുകള്‍ മെക്‌സിക്കോ മറന്നില്ല. ജര്‍മന്‍ താരങ്ങളില്‍ നിന്ന് പന്ത് പിടിച്ചുവാങ്ങി മെക്‌സിക്കോ കുതിച്ചു. മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ പുറത്തെടുത്തെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ മെക്‌സിക്കോയ്ക്കും സാധിക്കാതെ പോയി. അവസാന മിനിറ്റിലേക്ക് കളി നീളും തോറും ജര്‍മനി കൂടുതല്‍ അക്രമണസ്വഭാവം പുറത്തെടുത്തു. അവസാന മിനിറ്റില്‍ ജര്‍മന്‍ ഗോളി ന്യൂയര്‍ മെക്‌സിക്കോ പോസ്റ്റിലേക്ക് കുതിച്ചത് അതിന്റെ സൂചനയായിരുന്നു. എന്നാല്‍, മെക്‌സിക്കന്‍ പ്രതിരോധത്തിന്റെ പൂട്ട് പൊളിക്കാന്‍ ജര്‍മന്‍ നിരയ്ക്ക് സാധിച്ചില്ല. ഒടുവില്‍, റഷ്യന്‍ ലോകകപ്പിന്റെ ആദ്യ അട്ടിമറിക്ക് ലുഷ്‌നിക്കി വേദിയായി. എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യന്‍മാരെ ഫിഫ റാങ്കിംഗില്‍ 15-ാം സ്ഥാനത്തുള്ള മെക്‌സിക്കോ പരാജയപ്പെടുത്തി!!!
Wow! #MEX stun the #WorldCup champions in Moscow! #GERMEX 0-1 pic.twitter.com/XOtAWcKD8U
— FIFA World Cup ? (@FIFAWorldCup) June 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here