Advertisement

ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയ മെസിപടയോട് ഐസ്‌ലാന്‍ഡ് താരങ്ങള്‍ പറഞ്ഞു ‘കടക്ക് പുറത്ത്’

June 17, 2018
Google News 1 minute Read
messi troll

കുക്കുടന്‍

ലോകഫുട്‌ബോളിന്റെ സൗന്ദര്യത്തെ ആവോളം ആവാഹിച്ച ആ കാലുകള്‍ക്ക് മോസ്‌കോയില്‍ അടിതെറ്റി. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് അയാള്‍ മൈതാനത്ത് ഒറ്റയാനെ പോലെ നിന്നു. ലെയണല്‍ മെസി ഒരു പെനല്‍റ്റി പാഴാക്കിയപ്പോള്‍ ആര്‍ത്തിരമ്പിയത് ഐസ്‌ലാന്‍ഡ് ആരാധകര്‍ മാത്രമായിരുന്നില്ല…മെസി വീഴുന്നത് കാണാന്‍ കൊതിച്ചിരുന്നവര്‍ കൂടിയാണ്. ലഭിച്ച പെനല്‍റ്റി ഗോള്‍ വലയിലെത്തിക്കാന്‍ കഴിയാതെ മെസി പരാജയപ്പെട്ടപ്പോള്‍ കോള്‍ അടിച്ചത് ഇവിടുത്തെ ട്രോളന്‍മാര്‍ക്കാണ്.

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കരകവിഞ്ഞൊഴുകിയ കാഴ്ചയായിരുന്നു കഴിഞ്ഞ മണിക്കൂറുകളില്‍. ഐസ്‌ലാന്‍ഡ് പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തപ്പോള്‍ മെസിയും കൂട്ടരും ഗോള്‍ വലയിലെത്താതെ കുരുങ്ങി കിടന്നു. പെനല്‍റ്റി ബോക്‌സില്‍ ഒരു ടീം മുഴുവന്‍ അണിനിരന്നു മെസിപടയെ പൂട്ടാന്‍.

മെസി പെനല്‍റ്റി കിക്കുകള്‍ നിരന്തരം പാഴാക്കുന്ന താരമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്നുവെന്നും ട്രോളുകളില്‍ നിറഞ്ഞു.

 

 

ഐസ്‌ലാന്‍ഡ് ഗോളി ഹാല്‍ഡേഴ്‌സണെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ആദ്യ ലോകകപ്പിന്റെ സമ്മര്‍ദ്ദമൊന്നുമില്ലാതെ അയാള്‍ ഗോള്‍വല കാത്തു. ഹാല്‍ഡേഴ്‌നാണ് ഐസ്‌ലാന്‍ഡിന്റെ താരം. നിര്‍ണായക സമയത്ത് മെസി ഉതിര്‍ത്ത പെനല്‍റ്റി കിക്ക് ഗോള്‍വല സ്പര്‍ശിക്കാതെ പിടിച്ചുനിര്‍ത്തിയത് ഹാല്‍ഡേഴ്‌സനാണ്.

ഐസ്‌ലാന്‍ഡിന്റെ പ്രതിരോധനിരയേയും (പ്രതിരോധനിരയെന്ന് പറയുമ്പോള്‍ ആ ടീമിന്റെ മുഴുവന്‍ കളിക്കാരും ഉള്‍പ്പെട്ടു എന്നതാണ് വസ്തുത) സൂപ്പര്‍ ഗോളി ഹാല്‍ഡേഴ്‌സനേയും ട്രോളന്‍മാര്‍ മറന്നില്ല. കിടുക്കന്‍ ട്രോളുകളാല്‍ ഹോല്‍ഡേഴ്‌സനെയും സംഘത്തെയും ട്രോളന്‍മാര്‍ വാഴ്ത്തിപാടി.

എന്നാല്‍, മെസിയെയും അര്‍ജന്റീനയെയും ഏറ്റവും മോശമായി ട്രോളുന്നത് കണ്ട് മിശിഹായുടെയും നീലപ്പടയുടെയും ആരാധകര്‍ മിണ്ടാതെ നിന്നില്ല. മെസി ആരാധകര്‍ ശക്തമായി പ്രതിരോധിച്ചു.

എല്ലാ ട്രോളുകള്‍ക്കും കണക്കിന് മറുപടി നല്‍കി. കണക്കുകള്‍ നിരത്തിയാണ് മെസിയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ അവര്‍ പ്രതിരോധിച്ചത്. ഒരു പെനല്‍റ്റി പാഴാക്കിയതിന്റെ പേരില്‍ മെസിയെന്ന താരത്തെ കളിയാക്കേണ്ട ആവശ്യമില്ലെന്ന് അര്‍ജന്റീന ആരാധകര്‍ ട്രോളന്‍മാര്‍ക്ക് മറുപടി നല്‍കി.

ലോകകപ്പിലേക്ക് യോഗ്യത നേടില്ലെന്ന് കരുതിയ ഒരു സാഹചര്യത്തില്‍ ഇക്വഡോറിനെതിരെ ഹാട്രിക് ഗോളുകള്‍ നേടി റഷ്യയിലേക്ക് യോഗ്യത നേടിത്തന്ന, രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലേക്കും ഒരു ലോകകപ്പ് ഫൈനലിലേക്കും ടീമിനെ നയിച്ച മെസിയെന്ന പോരാളിയെ കൈവിടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് അയാള്‍ തങ്ങളുടെ പ്രിയ ടീമിന്റെ രക്ഷകനാകുമെന്നും അര്‍ജന്റീന ഫാന്‍സ് ഉറച്ച് വിശ്വസിക്കുന്നു.

 

ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് എത്രത്തോളം ആവേശമുണ്ടെന്നാണ് ഈ ട്രോളുകളെല്ലാം സൂചിപ്പിക്കുന്നത്. മത്സരങ്ങള്‍ ഓരോന്ന് കഴിയും തോറും ഈ ആവേശം ഇരട്ടിയാകും എന്നതില്‍ സംശയമില്ല. ഹോ… ഈ കുഞ്ഞന്‍പന്ത് കൊലമാസാണ്!!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here